ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് വികസനത്തിെൻറ ഭാഗമായി തലശ്ശേരി മുതൽ കൂട്ടുപുഴ വരെയുള്ള റോഡരികിൽ വർഷങ്ങളോളം തണലേകിവന്ന മരങ്ങൾ വെട്ടിമാറ്റിയപ്പോൾ നാടും നാട്ടാരും വേനലിൽ വെന്തുരുകുകയായിരുന്നു.
എന്നാൽ, വെട്ടിമാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരം നടാൻ രണ്ടുവർഷമായിട്ടും ആരും രംഗത്തുവന്നിരുന്നില്ല. അങ്ങനെയാണ് വെളിയമ്പ്രയിലെ മുഹമ്മദ് ഇൗ ദൗത്യം ഏറ്റെടുത്തത്.വർഷങ്ങളായി ലോറി ഡ്രൈവറായ മുഹമ്മദ് അന്തർ സംസ്ഥാന യാത്രക്കിടെ നഴ്സറികളിൽനിന്ന് തണൽ മരങ്ങൾ വാങ്ങുകയും കൂട്ടുപുഴ മുതൽ തലശ്ശേരി വരെയുള്ള 60 കി.മീ ദൂരത്തിൽ റോഡിെൻറ ഇരുവശങ്ങളിലും വിവിധയിടങ്ങളിൽ നട്ടുപിടിപ്പിക്കാൻ ആരംഭിക്കുകയുമായിരുന്നു.
കസ്കസ്, ഞാവൽ, മാവ്, പുളി, വേപ്പ്, അരയാൽ, പേരാൽ തുടങ്ങിയ മരങ്ങളാണ് വെച്ചുപിടിപ്പിച്ചിട്ടുള്ളത്. ലോറിയുമായുള്ള മടക്കയാത്രയിൽ പുലർച്ച മൂന്നുമുതൽ ആറുവരെയാണ് സാധാരണയായി മരങ്ങൾ വെച്ചുപിടിപ്പിക്കാറുള്ളത്.
നടുന്നതിൽ മാത്രമല്ല, പരിപാലനത്തിലും ശ്രദ്ധാലുവാണ്. നട്ട മരങ്ങൾക്ക് ചുറ്റിലും റിങ്ങും ചെടികൾ നശിപ്പിക്കുന്നത് തടയുന്നതിന് ചിലയിടങ്ങളിൽ ബോക്സും വെച്ചിട്ടുണ്ട്. ചിലപ്പോൾ ചരക്കുമായി ഒരാഴ്ച നീളുന്ന യാത്രയാണെങ്കിൽ, മരങ്ങളുടെ ദാഹം ശമിപ്പിക്കാൻ മൺപാത്രത്തിൽ വെള്ളം നിറച്ചുവെക്കുന്നതും പതിവാണ്.തലശ്ശേരി -വളവുപാറ റോഡിൽ ഇതുവരെ 350ഓളം മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അതിൽ 200ഓളം മരങ്ങളാണ് ഇപ്പോൾ ഉള്ളത്.
ബാക്കിയുള്ളവ പലരാലും നശിച്ചു. വർഷങ്ങളായുള്ള അന്തർ സംസ്ഥാന യാത്രക്കിടെ ഡ്രൈവർമാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് എന്നും ആശ്വാസത്തിെൻറ തണലേകിയത് റോഡരികിലെ തണൽ മരങ്ങളാണ്. വിശ്രമിക്കാനും ചൂടിൽനിന്ന് ശമനം ലഭിക്കാനും ജീവവായു ലഭിക്കുന്നതിനും സഹായിക്കുന്നത് മരങ്ങളാണെന്ന തിരിച്ചറിവും മുഹമ്മദിന് മരം നടാൻ പ്രചോദനമേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.