പഴശ്ശി ഷട്ടർ തുറന്നു: മണൽ കടത്ത് വ്യാപകം; സർക്കാറിന് നഷ്ടം കോടികൾ

ഇരിട്ടി: മഴ കനത്തതോടെ പഴശ്ശി ജലസംഭരണി ഷട്ടർ തുറന്നു വിടുകയും പുഴയിലെ ജലവിതാനം കുറയുകയും ചെയ്തത് മണൽ കടത്ത് സജീവമാകുന്നതിന് കാരണമാകുന്നു. ഇത് സർക്കാറിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. പഴശ്ശി അണക്കെട്ടിൽ ചേരുന്ന പുഴകളിൽനിന്ന് മണൽ ലേലം ചെയ്തു വിൽപന നടത്താനുള്ള നടപടി ഇല്ലാത്തതിനാലാണ് മണൽ മാഫിയയുടെ നേതൃത്വത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ മണൽ വാരൽ വ്യാപകമായത്.

പുഴയിൽ വന്നടിഞ്ഞ മണൽ വാരാൻ കരാർ നൽകിയാൽ വർഷന്തോറും സർക്കാറിലേക്ക് കിട്ടാവുന്ന കോടികൾ ഇല്ലാതാകുകയാണ്. സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായാൽ മാത്രമെ ലേലം ചെയ്യാൻ കഴിയുകയുള്ളൂ. എട്ട് വർഷം മുമ്പുവരെ പഴശ്ശി ഡാമിൽനിന്ന് മണൽ വാരുന്നത് ലേലം ചെയ്തിരുന്നു. മൂന്നരക്കോടിയോളം രൂപക്കാണ് അവസാനമായി ലേലം നടന്നത്. അത്തരത്തിൽ ലേലം ചെയ്തിരുന്ന മണൽ ഇ-മണൽ പദ്ധതിയിൽ ഉൾപ്പെടുത്തി. സർക്കാർ നൽകുന്ന പാസ് മുഖേനയാണ് ആവശ്യക്കാർക്ക് മണൽ വിതരണം ചെയ്തിരുന്നത്. വർഷന്തോറും നടക്കുന്ന ലേല നടപടികൾ എട്ട് വർഷമായി നടക്കാതെ വന്നതോടെ പുഴയിൽ വേണ്ടതിലധികം മണൽ നിറഞ്ഞിരിക്കുകയാണ്. പുഴയിലെ മണൽ നീക്കം ചെയ്തില്ലെങ്കിൽ വീണ്ടും പ്രളയ സാധ്യതക്ക് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അണക്കെട്ടിലേക്കു ചേരുന്ന പുഴയുടെ ഭാഗമായ ഇരിട്ടി, വള്ളിയാട്, പടിയൂർ, പൂവം, കുയിലൂർ, എടക്കാനം എന്നിവിടങ്ങളിലാണ് വ്യാപകമായി മണൽ മാഫിയ സംഘങ്ങളുടെ നേതൃത്വത്തിൽ ബോട്ടുകളും അനുബന്ധ യന്ത്രങ്ങളുമുപയോഗിച്ച് മണൽ വാരി കടത്തുന്നത്. പുഴകളിൽ അടിഞ്ഞുകൂടിയ മണൽ വാരാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി പ്രാദേശിക സമിതിയോ പഞ്ചായത്ത് സമിതിയോ മേൽനോട്ടം വഹിച്ച് മണലെടുപ്പ് നടത്താൻ അനുമതി നൽകിയാൽ മണൽ കടത്ത് തടയാനും സർക്കാർ ഖജനാവിലേക്ക് കോടികൾ വരുമാനമുണ്ടാക്കാനും കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    
News Summary - widespread sand smuggling after Pazhassi dam shutters open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.