ഇരിട്ടി: മലയോര മേഖലയായ ഉളിക്കലിനെ ഭീതിയിലാഴ്ത്തി കാട്ടുകൊമ്പാൻ. ആനയിറങ്ങിയ വാർത്ത കാട്ടുതീപോലെ പരന്നത്തോടെ ഉളിക്കൽ മേഖലയിലെ ആളുകൾ ഭയന്നോടി. കർണാടക വനത്തിൽനിന്ന് മാട്ടറ പീടികക്കുന്ന് വഴിയാണ് കാട്ടാന ഉളിക്കൽ ടൗണിലെത്തിയത്. 12 കി.മീറ്ററിലധികം സഞ്ചരിച്ചാണ് ആനയെത്തിയത്. ബുധനാഴ്ച രാവിലെ ആറോടെ മണ്ഡപപ്പറമ്പിലെ ലോട്ടറി തൊഴിലാളിയും മത്സ്യത്തൊഴിലാളികളുമാണ് ആനയെ ആദ്യം കണ്ടത്. അപ്പോഴേക്കും ആന ഉളിക്കൽ ടൗണിനടുത്ത സെന്റ് ജോസഫ് ദേവാലയ പരിസരത്തെത്തിയിരുന്നു. പള്ളിയിൽ പ്രഭാത കുർബാന നടക്കുന്ന സമയമായിരുന്നു.
കുർബാന വേഗത്തിൽ പൂർത്തിയാക്കി വികാരി ഫാ. ഷിനോ വർക്കിയും പൊലീസും ചേർന്ന് ഇവരെ തിരിച്ചയച്ചു. പള്ളി സെമിത്തേരിയിലും ആനയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്തു അപകടം ഒഴിവാക്കാനായി വയത്തൂർ വില്ലേജിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. ഉളിക്കൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും തൊഴിലുറപ്പ് തൊഴിലാളികൾ ജാഗ്രത പാലിക്കാനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർദേശം നൽകി.
ഉളിക്കലിലേക്കെത്തുന്ന എല്ലാ പ്രധാന വഴികളും പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. കാട്ടാനയെ തുരത്താൻ വനപാലകർ പടക്കം പൊട്ടിച്ചു ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ടൗണിനോട് ചേർന്ന ജനവാസ മേഖലയായതിനാൽ മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല. രാത്രി വൈകിയും വനംവകുപ്പ് പരിശ്രമം തുടർന്നു. ഒടുവിൽ രാത്രി 9.30ഓടെ വന്ന വഴിയിലൂടെ കാട്ടാന മടങ്ങി. വനത്തിലേക്ക് കടന്നെന്ന് ഉറപ്പാക്കാൻ വനപാലകരും പിന്നാലെ യാത്ര തുടർന്നു. ആന കാട്ടിലേക്ക് മടങ്ങിയെന്ന് വ്യാഴാഴ്ച മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.
ഭയന്നോടിയ ആറുപേർക്ക് വീണ് പരിക്ക്
ആനയെ കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ ആറുപേർക്ക് വീണ് പരിക്കേറ്റു. മുഖത്തും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ഉളിക്കലിലെ തേറമ്പ് പുത്തൻപുരയിൽ സജീവനെ (53) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിപ്പാറയിലെ സജീർ കല്ലിപ്പീടികയിൽ (34), നിസാം ഉളിക്കൽ (36) എന്നിവരെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു മൂന്നുപേർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ഉളിക്കലിലേക്കുള്ള പ്രധാന റോഡുകൾ അടച്ചു
ആന ഉളിക്കൽ പ്രദേശത്തുനിന്ന് കാട്ടിലേക്ക് നീങ്ങാത്ത സാഹചര്യം കണക്കിലെടുത്ത് ഉളിക്കലിലേക്കുള്ള പ്രധാനറോഡുകൾ താൽക്കാലികമായി അടച്ചതായി ഉളിക്കൽ ഇൻസ്പെക്ടർ സുധീർ കല്ലൻ അറിയിച്ചു. അടുത്തപ്രദേശങ്ങളിൽ നിന്നുപോലും ജനങ്ങൾ ഉളിക്കലിലേക്ക് എത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ഉളിക്കലിലേക്കുള്ള പ്രധാനവഴികൾ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ടൗൺ പൂർണമായി അടച്ചെങ്കിലും ജനത്തെ നിയന്ത്രിക്കാൻ സമീപ പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാരെ ഇവിടേക്ക് നിയോഗിച്ചാണ് സുരക്ഷമാർഗം സ്വീകരിച്ചത്.
ഉന്നത പൊലീസ്, വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.എ അജിത്ത് കെ. രാമന്റെ നേതൃത്വത്തിൽ 50ഓളം വനപാലകരും ഇരിട്ടി, ഉളിക്കൽ, ഇരിക്കൂർ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള 100ഓളം പൊലീസുകാരും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. സജീവ് ജോസഫ് എം.എൽ.എ, ഇരിട്ടി എ.എസ്.പി എന്നിവരുമായി ചർച്ച നടത്തി 11ഓടെ ടൗണിൽനിന്ന് ആനയെ പടക്കം പൊട്ടിച്ച് തുരത്താൻ തുടങ്ങി. വൈകീട്ടുവരെ സമീപത്തെ ജനവാസമില്ലാത കശുമാവിൻ തോട്ടത്തിൽ എത്തിച്ച് നിരീക്ഷിക്കാനായിരുന്നു നീക്കം. പലതവണ പടക്കം പൊട്ടിയതിന് ശേഷമാണ് ആന കൃഷിയിടത്തിൽനിന്ന് വന്നവഴി മടങ്ങി ഉളിക്കൽ ബസ് സ്റ്റാൻഡിലൂടെ അമരവയൽ ഭാഗത്തേക്ക് ഓടിയത്. ഇതിനുശേഷം അട്ടറഞ്ഞി വഴി ആനത്താടി പാലത്തിനു സമീപമെത്തിയ ആന വയത്തൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ്. വൈകീട്ട് നാലോടെ ശക്തമായ മഴ പെയ്തതിനാൽ ആനയെ തുരത്തുന്നതിനുള്ള ശ്രമം നടന്നില്ല.
കൂട്ടം തെറ്റിയ ആനയെന്ന് നിഗമനം
കൂട്ടം തെറ്റിയ കാട്ടാനയാണ് ഉളിക്കൽ ടൗണിന് സമീപം നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. പെരുങ്കരി -പേരട്ട വഴി കർണാടക വനത്തിൽ നിന്നുമെത്തിയ കാട്ടു കൊമ്പനാണ് ഒരുപ്രദേശത്തെയാകെ ഭീതിയിലാക്കിയത്. കഴിഞ്ഞദിവസം രാത്രി 1.30ഓടെ പുറവയൽ പ്രദേശത്തെ കൃഷിയിടങ്ങളിൽ ആന ഇറങ്ങിയതായി പറയുന്നു. ഉളിക്കലിൽ എത്തിയ കൊമ്പൻ തന്നെയാകും ഇവിടെയും എത്തിയതെന്ന നിഗമനത്തിലാണ് നാട്ടുകാർ. സ്കൂളുകൾക്കും മറ്റും അവധി പ്രഖ്യാപിച്ചപ്പോൾ ജോലിക്കാർ ഓഫിസിൽ ഹാജരാകണമെന്ന നിർദേശത്തിൽ ജോലിക്കാർ പ്രതിഷേധത്തിലായിരുന്നു.
കാട്ടാനയുടെ രണ്ടാമൂഴം
രണ്ടു വർഷം മുമ്പ് പെരുങ്കരിയിൽ ജസ്റ്റിൻ എന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിന്റെ ഭീതി മാറുംമുമ്പാണ് ഇതേ മേഖലയിൽ വീണ്ടും കാട്ടാന രണ്ടാമൂഴത്തിന് ഇറങ്ങിയത്. ആക്രമണകാരിയായ ആന ഏതുനിമിഷവും എവിടേക്ക് വേണമെങ്കിലും എത്താമെന്നുള്ളതുകൊണ്ട് ജനങ്ങൾ വീടുകളിൽതന്നെ ഭയന്ന് കഴിയുകയാണ്. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി ഭീകരത സൃഷ്ടിക്കുമ്പോഴും ബന്ധപ്പെട്ട വകുപ്പുകൾ ഉന്നത അധികൃതരുടെ ഉത്തരവിനായി കാത്തിരിക്കുന്നതിൽ ശക്തമായ പ്രതിഷേധമുണ്ട്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങാതിരിക്കാൻ സൗരോർജ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും കൃത്യമായി പരിപാലിക്കാൻ വനം വകുപ്പ് തയാറാകാത്തതാണ് ഇവ ജനവാസ മേഖലയിൽ ആക്രമണം അഴിച്ചുവിടുന്നതിന് കാരണമെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.