കല്യാശ്ശേരി: നവീകരണത്തിന് കളിക്കളം കുഴിച്ചുകോരിയിട്ടിട്ട് രണ്ടു വർഷമാകുന്നു. ഇതേത്തുടർന്ന് കായികോല്ലാസത്തിന് വേദിയില്ലാതെ കല്യാശ്ശേരിയിലെ കൗമാരവും യൗവനവും ബുദ്ധിമുട്ടിലാണ്. ലക്ഷങ്ങൾ മുടക്കിയ കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാന നവീകരണ പ്രവൃത്തി പാതിവഴിയിലായതാണ് പ്രതിസന്ധിക്ക് കാരണം.പ്രവൃത്തി നടത്തിയ കരാർ കമ്പനിക്ക് സർക്കാർ പണം അനുവദിക്കാത്തതിനാലാണ് പ്രവൃത്തി നിലച്ചത്.
മൂന്നുവർഷം മുമ്പേ അന്നത്തെ മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് സ്കൂൾ ഗ്രൗണ്ട് വികസനത്തിനും ടർഫാക്കുന്നതിനും മൂന്നുകോടി അനുവദിച്ചത്. 1.80 കോടിയാണ് പദ്ധതി ചെലവ്. എന്നാൽ, രണ്ടു വർഷം മുമ്പ് പ്രവൃത്തി പൂർത്തീകരിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച അവസ്ഥയിലാണ്. ടർഫ് വിരിക്കലാണ് ബാക്കിയുള്ളത്. ഇതിന് ടർഫുകൾ എത്തിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. 60 ലക്ഷം രൂപമാത്രമാണ് ലഭിച്ചതെന്നാണ് കരാറുകാർ പറയുന്നത്.
എറണാകുളം ആസ്ഥാനമായ കരാറുകാർക്ക് ചെയ്ത പ്രവൃത്തികളുടെ ഫണ്ട് സർക്കാർ അനുവദിക്കാത്തതാണ് പണി പാതിവഴിയിലാകാൻ കാരണം. കായിക വകുപ്പാണ് ഫണ്ട് അനുവദിക്കേണ്ടത്. കല്യാശ്ശേരിക്കാരുടെ ഏക കായിക പരിശീലന കേന്ദ്രമായ മൈതാനമാണ് ടർഫാക്കുന്നതിന് കായിക വകുപ്പ് തീരുമാനിച്ചത്. ഇതോടെ നിരവധി കായിക പ്രതിഭകൾ വളർന്ന മൈതാനം അനാഥമായ നിലയിലാണ്.
നാലര പതിറ്റാണ്ടു മുമ്പ് വിദ്യാർഥികളുടെ കായികശേഷിയിൽ നിർമിച്ച ഗ്രൗണ്ട് രൂപമാറ്റത്തിന് തീരുമാനിച്ചതോടെ ആർക്കും ഉപയോഗിക്കാൻ കഴിയാത്തത് വലിയ തിരിച്ചടിയായി. ചാത്തോത്ത് തറവാടാണ് സ്ഥലം ദാനമായി വിട്ടുകൊടുത്തത്.
1975- 76 വർഷത്തിൽ വിദ്യാർഥികളുടെ ശ്രമദാനത്തിലൂടെ സ്ഥലം ഗ്രൗണ്ടാക്കി മാറ്റി. പിന്നീട് ടി.വി. രാജേഷിന്റെ എം.എൽ.എ ഫണ്ടിലൂടെ 2015ൽ 40 ലക്ഷം രൂപ മുടക്കി ഗ്രൗണ്ട് നവീകരിക്കുകയും ചെയ്തിരുന്നു. നിർമാണം ഒരു വർഷത്തോളം നടന്നെങ്കിലും പണി നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.
സ്കൂൾ ഗ്രൗണ്ട് ടർഫിനായി വേലി കെട്ടി കുടുക്കിയതോടെ സ്കൂൾ വിദ്യാർഥികൾക്കും നാട്ടുകാർക്കും കായിക പരിശീലനത്തിന് പെരുവഴിയാണ് നിലവിൽ ആശ്രയം. സ്കൂളിൽ എൻ.സി.സി, സ്കൗട്ട്, എസ്.പി.സി എന്നീ സംവിധാനങ്ങൾ ഉണ്ടെങ്കിലും പരിശീലനത്തിന് സൗകര്യമില്ല. നിരവധി തവണ ജില്ല-ഉപജില്ല കായിക മേളകളും നായനാർ സ്വർണക്കപ്പ് ഫുട്ബാളും നടത്തിയ മൈതാനമാണിത്. മൂന്നു വർഷമായി സ്കൂൾ കായിക മേളപോലും അഞ്ചു കിലോമീറ്റർ അപ്പുറമുള്ള ധർമശാലയിലാണ് നടക്കുന്നത്.
സ്കൂൾ ഗ്രൗണ്ടിൽ ടർഫിന്റെ ഭാഗമായി നിർമിച്ച അനുബന്ധ കെട്ടിടങ്ങൾ നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്. ലഹരിമാഫിയ അടക്കം പലപ്പോഴും സ്ഥലത്തെത്തുന്നതായി ആക്ഷേപമുണ്ട്. ശൗചാലയത്തിന് നിർമിച്ച ഇടുങ്ങിയ മുറികൾ രാത്രി മദ്യപാന കേന്ദ്രങ്ങളായും മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.