കേളകം: കുടിയേറ്റ കാർഷിക മേഖലയിലെ ആയിരങ്ങൾക്ക് നൊമ്പരം പകർന്ന് മേഖലയിലെ ആദ്യകാല വ്യാപാരി അബ്ദുൽ സലാം ഹാജി യാത്രയായി. നാലര പതിറ്റാണ്ടുമുമ്പ് കേളകത്തെത്തി വ്യാപാരം തുടങ്ങി നാട്ടുകാർ ഹാജിക്കയെന്ന് ബഹുമതി നൽകി വിളിക്കാറുള്ള സലാം ഹാജി കേളകം, പേരാവൂർ, കൊട്ടിയൂർ ടൗണുകളിൽ പലചരക്ക് കച്ചവടക്കാരനായിരുന്നു. കൊട്ടിയൂർ ജുമാമസ്ജിദിെൻറ പ്രസിഡൻറായും മുസ്ലിം ലീഗ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറായും തിളങ്ങി.
മേഖലയിലെ ആദ്യകാല മൊത്തവ്യാപാരിയായിരുന്നു അദ്ദേഹം. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലെ മൊത്തവ്യാപാര മേഖലയുടെ മലയോരത്തെ കണ്ണിയായിരുന്നു. സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച് ചികിത്സക്കിടെയായിരുന്നു മരണം. പേരാവൂർ കാഞ്ഞിരപ്പുഴ സ്വദേശിയായ സലാം ഹാജിയുടെ മയ്യിത്ത് കൊട്ടംചുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
അബ്ദുൽ സലാം ഹാജിയുടെ നിര്യാണം വ്യാപാരികൾക്ക് തീരാനഷ്ടമാണെന്നും വ്യാപാരികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല കമ്മിറ്റി പ്രസിഡൻറ് ജോർജ്കുട്ടി വാളുവെട്ടിക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സലാം ഹാജിയുടെ നിര്യാണത്തിൽ കേളകം പ്രസ് ഫോറം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.