കേളകം: ആറളം ഫാമിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട രണ്ട് തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വീണ് പരിക്കേറ്റു. ഫാം ഒന്നാം ബ്ലോക്കിലെ കൃഷിയിടത്തിലൂടെയുള്ള റോഡരികിലെ കുറ്റിക്കാട്ടിൽ നിൽക്കുകയായിരുന്ന ആനയുടെ മുന്നിലാണ് മൂന്ന് തൊഴിലാളികൾ ചെന്ന് പെട്ടത്. ബൈക്ക് ഉപേക്ഷിച്ച് ഓടുന്നതിനിടയിൽ വീണ് മുഴക്കുന്ന് സ്വദേശി നെല്ലിക്ക രജീഷ്(42) പാലപ്പുഴ സ്വദേശി തക്കോളി പ്രകാശൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. നെറ്റിക്ക് മുറിവേറ്റ രജീഷിന് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഓട്ടത്തിനിടയിൽ വീഴാനായി തെന്നിയപ്പോൾ പ്രകാശന് നടുവിനാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. രജീഷും മുഴക്കുന്ന് സ്വദേശിയായ മഹേഷും ബൈക്കിൽ തെങ്ങ് ചെത്തുന്നതിനായി വരുകയായിരുന്നു. ഇവർക്ക് പിന്നിലായി പ്രകാശനും ബൈക്കിലുണ്ടായിരുന്നു. റോഡരികിലെ കുറ്റിക്കാട്ടിൽ നിൽക്കുകയായിരുന്ന ഒറ്റയാൻ അടുത്ത് എത്തിയപ്പോഴാണ് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ബൈക്ക് നിർത്തി ഓടുന്നതിനിടയിൽ ആന ഇരുവർക്കും നേരെ പാഞ്ഞടുത്തു. രജീഷും പ്രകാശനും ഒരു വഴിക്കും മഹേഷ് മറ്റൊരു വഴിക്കുമാണ് ഓടിയത്. മഹേഷ് ഓടി മരത്തിൽ കയറുന്നതിനിടയിൽ ആന മഹേഷ് കയറിയ മരത്തിനുമുന്നിൽ എത്തി. ഇതോടെ രജീഷും പ്രകാശനും ബഹളം വെച്ചതോടെ ആന ഇരുവർക്കും നേരെ പാഞ്ഞടത്തു. ഇതിനിടയിലാണ് രജീഷിന് വീണ് പരിക്കേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.