കേളകം: മലയോരം രൂക്ഷമായ ജലക്ഷാമത്തിലേക്ക് നീങ്ങുന്നു. മേഖലയുടെ ദാഹമകറ്റാനുള്ള ജൽജീവൻ മിഷൻ പദ്ധതി ഇനിയും പൂർത്തിയായില്ല. പേരാവൂർ മണ്ഡലത്തിലെ 47,664 കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികളാണ് വൈകുന്നത്. കൊട്ടിയൂർ (45.54 കോടി), കേളകം (41.53 കോടി), കണിച്ചാർ (41.41 കോടി) ചെലവിൽ പഞ്ചായത്തുകളിൽ സംയുക്തമായി നടക്കുന്ന പദ്ധതി 90 ശതമാനവും പൂർത്തിയായതായും ഉടൻ ജലവിതരണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
പഞ്ചായത്തുകളിലെ 2000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടം കുടിവെള്ളം ലഭ്യമാകുക. 92.51 കോടി ചെലവിൽ പായം പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ 85 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഇതിനകം 5205 കണക്ഷൻ കമീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 10,264 കുടുംബങ്ങൾക്ക് ഡിസംബറിൽ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കി കമീഷനിങ് പൂർണമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, വാഗ്ദാനം ജലരേഖയായി.
മുഴക്കുന്ന് പഞ്ചായത്തിൽ 63.45 കോടി രൂപ ചെലവിലും പേരാവൂർ പഞ്ചായത്തിൽ 67.21 കോടി രൂപ ചെലവിലും നടപ്പാക്കുന്ന പ്രവൃത്തികൾ പൂർത്തിയായിട്ടില്ല. ആറളം പഞ്ചായത്തിൽ 55.80 കോടി രൂപയുടെയും അയ്യൻകുന്ന് പഞ്ചായത്തിൽ 58.65 കോടി രൂപയുടെയും പ്രവൃത്തികളും നടപ്പായില്ല. പദ്ധതികൾ പൂർത്തിയാവാൻ മാർച്ച് വരെ സമയം വേണ്ടി വരുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 410 കോടി ചെലവിൽ 37,214 കുടുംബങ്ങൾക്കാണു ജൽജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ളമെത്തിക്കുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് കീറേണ്ടി വന്നതും പദ്ധതി വൈകാൻ കാരണമായി. കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതികൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ പറയുമ്പോൾ ജനം ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.