കേളകം: ആറളം ഫാം കൃഷിയിടത്തിൽ നിന്നുള്ള കാട്ടാന തുരത്തൽ രണ്ട് മുതൽ പുനരാരംഭിക്കുന്നതിന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഫാം സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ഫാമിലെ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഏപ്രിൽ രണ്ടു മുതൽ വനത്തിലേക്ക് തുരത്താനുള്ള നടപടി തുടങ്ങും.
ആനയെ തുരത്തുന്ന സമയങ്ങളിൽ ആനമതിലിന്റെ നിർമാണം തടസപ്പെടാതിരിക്കാനുള്ള നടപടികൾ കരാറുകാരനും പൊതുമാരാമത്ത് വകുപ്പും ചേർന്ന് ക്രമീകരിക്കും. ആനയെ തുരത്തുന്ന ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ജില്ല കലക്ടറോട് ശുപാർശ ചെയ്യാനും മൈക്ക് അനൗൺസ്മെന്റ് നടത്താനും വിവരം പ്രദേശവാസികളെ മുൻകൂട്ടി അറിയിക്കാനും യോഗം തീരുമാനിച്ചു. റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തി.
ആനമതിൽ നിർമാണം പൂർത്തിയാകുന്നത് വരെ ആദിവാസി പുരനധിവാസ മിഷന്റെ ജീപ്പ് വനംവകുപ്പിന് ഉപയോഗിക്കാൻ അനുമതി നൽകാൻ ഡി.ആർ.ഡി.എമ്മിനോട് യോഗം ആവശ്യപ്പെട്ടു. ടി.ആർ.ഡി.എം സൈറ്റ്മാനേജർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്നും നിർദ്ദേശിച്ചു. യോഗത്തിൽ എം.എൽ.എക്ക് പുറമെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.