കേളകം: ആറളം ഫാമിൽ വീണ്ടും ആനക്കലി. കാട്ടാനയുടെ ആക്രമണത്തിൽ കള്ളുചെത്ത് തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. ഫാം മൂന്നാം ബ്ലോക്കിലെ ചെത്ത് തൊഴിലാളിയായ ആറളം ചെടിക്കുളത്തെ തേക്കിലെക്കാട്ടിൽ പ്രസാദിനെയാണ് (50) ആക്രമിച്ചത്. പിറകിൽനിന്ന് എത്തിയ ആന പ്രസാദിനെ തുമ്പിക്കൈയിൽ ചുഴറ്റിയെറിയുകയായിരുന്നു. വാരിയെല്ലുകളും താടിയെല്ലും ഷോൾഡറും തകർന്ന പ്രസാദ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല. ബുധനാഴ്ച വൈകീട്ടാണ് പ്രസാദ് ഫാം മൂന്നാം ബ്ലോക്കിൽ തെങ്ങ് ചെത്താനായി പോയത്. രാത്രി വൈകിയും എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെ മേഖലയിൽ കള്ള് ചെത്താൻ എത്തിയ തൊഴിലാളി ഫാമിന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്ന ഭാഗത്ത് അവശനിലയിൽ പ്രസാദിനെ കണ്ടെത്തുകയായിരുന്നു.
ഒരാഴ്ച മുമ്പ് ഫാമിൽനിന്ന് ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്ന് മേഖലയിൽ വനം വകുപ്പിന്റെ സ്ഥിരംസാന്നിധ്യം അധികൃതർ ഉറപ്പാക്കിയിരുന്നു. സംഭവത്തിൽ വനംവകുപ്പും പൊലീസും അന്വേഷണം ശക്തമാക്കി.
തലശ്ശേരി: ഇടത്തിലമ്പലത്ത് സ്കൂട്ടർ യാത്രികക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം. കൈക്കും കാലിനും പരിക്കേറ്റ ഇടത്തിലമ്പലം സ്വദേശിനി എം. വിജില (38) തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച രാവിലെ മൈത്രി ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. ഇടത്തിലമ്പലം ഭാഗത്തുനിന്നും കൊളശ്ശേരി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന വിജിലക്കുനേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു.
കാട്ടുപന്നി സ്കൂട്ടറിൽ ഇടിക്കുകയും വിജില സ്കൂട്ടറിൽനിന്ന് റോഡിലേക്ക് വീഴുകയുമായിരുന്നു. സമീപത്തുണ്ടായ നാട്ടുകാരും വാഹനയാത്രികരും ചേർന്ന് വിജിലയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചു. കൈക്കും കാലിനും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. തലനാരിഴക്കാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് വിജില പറഞ്ഞു. വീഴ്ചയിൽ സ്കൂട്ടറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. അതേസമയം, വാർഡ് മെംബർ അഡ്വ. മിലി ചന്ദ്രയുടെ നേതൃത്വത്തിൽ കൊട്ടിയൂർ റേഞ്ചിലെ ഷൂട്ടർമാരും നാട്ടുകാരും ചേർന്ന് കാട്ടുപന്നിക്കായി പ്രദേശത്ത് തിരച്ചിൽ നടത്തി.
കൊച്ചി: കണ്ണൂർ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാൻ സ്വീകരിച്ച നടപടികളെപ്പറ്റി കൃത്യമായ വിവരങ്ങൾ സർക്കാർ അറിയിക്കണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച ഹ്രസ്വ-ദീർഘകാല പദ്ധതികൾ വ്യക്തമാക്കണം. ആക്രമണങ്ങൾ തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിന് പുറമെ നടപടികൾ ഏകോപിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നതടക്കം നിർദേശങ്ങൾ നേരത്തേ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യത്തിലടക്കം നിലപാട് അറിയിക്കാനും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം തടയണമെന്നാവശ്യപ്പെട്ട് ബൈജു പോൾ മാത്യൂസ് നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി മാർച്ച് 18ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
അതേസമയം, ഫാമിലെ ആദിവാസികളുടെ പുനരധിവാസ സ്ഥലത്തേക്ക് കാട്ടാനകളെത്തുന്നത് തടയാൻ 10 കി.മീ. നീളത്തിൽ മതിൽ നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും 4.5 കിലോമീറ്ററിൽ നിർമാണം പൂർത്തിയായെന്നും വ്യക്തമാക്കി സർക്കാർ വിശദീകരണപത്രിക സമർപ്പിച്ചു. താൽക്കാലിക സംവിധാനമെന്ന നിലയിൽ സോളാർ വൈദ്യുതിവേലിയും നിർമിക്കുന്നുണ്ട്. 20,000 ഹെക്ടർ മേഖലയിലാണ് വന്യജീവി ശല്യമുള്ളത്. വന്യജീവി ആക്രമണത്തെ പ്രത്യേക ദുരന്തമായി മുൻ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വന്യജീവി ആക്രമണ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ വനം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ ദ്രുത കർമസേനയെയും വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 273 പഞ്ചായത്തുകളിൽ 39 കേന്ദ്രങ്ങളിലായി വന്യജീവി ആക്രമണ സാധ്യതയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വന്യജീവി ആക്രമണസാധ്യത സംബന്ധിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുള്ളതായി പത്രികയിൽ പറയുന്നു. എന്നാൽ, സർക്കാർ നടപടികൾ സ്വീകരിച്ചുവെന്ന് പറയുമ്പോഴും വന്യജീവി ആക്രമണം ദിനംപ്രതി ഉണ്ടാകുന്നതായി ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ആറളത്ത് വ്യാഴാഴ്ച രാവിലെയും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നടപടികളുടെ ഏകോപനക്കുറവാണ് പ്രധാന പ്രശ്നം. ഇതിനായി ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന നിർദേശത്തിൽ നടപടിയുണ്ടായിട്ടില്ല. പ്രതിരോധ ശ്രമങ്ങൾ സംബന്ധിച്ച ശരിയായ വിവരങ്ങൾ കോടതിയിൽ ധരിപ്പിക്കുന്നുമില്ല. നടപടികൾ സംബന്ധിച്ച ആസൂത്രണവും നടപ്പാക്കാൻ സമയപരിധിയും അനിവാര്യമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.