കേളകം: ആറളം ആദിവാസി പുരധിവാസ മേഖലയിൽ കാട്ടാനകളുടെ പരാക്രമം തുടരുമ്പോൾ ജനജീവിതം ഭീതിയുടെ മുൾമുനയിൽ. ആനമതിൽ തകർത്ത് എത്തിയ കാട്ടാന വൻ കൃഷിനാശം വരുത്തി. ഫാം പത്താം ബ്ലോക്കിൽ കോട്ടപ്പാറയിലെ വനം വകുപ്പ് ഓഫിസിന് സമീപമാണ് ആനമതിൽ തകർത്തത്. മതിൽ 10 മീറ്ററോളം തകർത്ത് എത്തിയ ഒറ്റയാൻ വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന പി.കെ. കൃഷ്ണന്റെ വീട്ടുപറമ്പിൽ വൻ കൃഷിനാശം വരുത്തി. വാഴ, തെങ്ങ്, കവുങ്ങ് ഉൾപ്പെടെ ഒരേക്കർ കൈവശ ഭൂമിയിലെ വിളകളെല്ലാം നശിപ്പിച്ചു. ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് മതിൽ തകർത്ത് ആന ആറളം വനത്തിൽനിന്ന് കൃഷ്ണന്റെ വീട്ടുമുറ്റത്ത് എത്തിയത്. ആനമതിൽ തകർന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സമീപത്തെ വീടുകളിലും ആൾത്താമസമുണ്ടായിരുന്നില്ല.
വളയംചാൽ-കോട്ടപ്പാറ റോഡിനോട് ചേർന്ന സ്ഥലമാണെങ്കിലും ആന ഭീഷണിയുള്ളതിനാൽ ആറുമണിക്ക് ശേഷം ഇതിലൂടെ വാഹന സഞ്ചാരവും ആൾസഞ്ചാരവും കുറവായിരുന്നു. പുരധിവാസ മേഖല ഏഴാം ബ്ലോക്കിലെ അമ്മയുടെ വീട്ടിൽപോയ കൃഷ്ണനും കുടുംബവും രാത്രി തിരിച്ച് വീട്ടിലെത്തിയപ്പോൾ ആനയുടെ മുന്നിൽപെട്ടുവീട്ടിലെക്കുള്ള വഴിയരികിൽ നിൽക്കുകയായിരുന്ന ആനയുടെ പിടിയിൽനിന്ന് കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വനാതിർത്തിയിൽനിന്ന് 20 മീറ്ററിൽ താഴെ മാത്രം അകലെയുള്ള വീട്ടിൽ താമസിക്കുന്നത് അപകടമാണെന്ന് കണ്ട് കുടുംബം ഏഴാം ബ്ലോക്കിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. സമീപത്തെ ആനമുക്ക് മണി, ശാന്ത എന്നിവരുടെ പറമ്പുകളിലെ കൃഷിയും വ്യാപകമായി നശിപ്പിച്ചു.
വനാതിർത്തിയിൽ വളയംചാൽ മുതൽ കോട്ടപ്പാറവരെയുള്ള ഭാഗങ്ങളിൽ നേരത്തെ ആറിടങ്ങളിൽ ആനമതിൽ തകർത്തിരുന്നു. ഇതിൽ ചിലതൊക്കെ പുനർ നിർമിച്ചെങ്കിലും വീണ്ടും തകർത്തു. ഇപ്പോൾ നാലിടങ്ങൾ വനവും ജനവാസ മേഖലയും തമ്മിലുള്ള പ്രവേശന കവാടം പോലെയാണ് വനാതിർത്തി. നേരത്തെ മതിൽ തകർത്ത പ്രദേശങ്ങളെല്ലാം വീടുകളിൽനിന്ന് ഏറെ അകന്ന പ്രദേശങ്ങളായിരുന്നു. ഇതിലൂടെ ആനക്കൂട്ടം ഫാമിലേക്കും പുരധിവാസ മേഖലയിലേക്കും പ്രവേശിക്കുകയും വനം വകുപ്പ് അധികൃതർ തുരത്തുമ്പോൾ ഇതേവഴിയിലൂടെ വനത്തിലേക്ക് തിരികെ പ്രവേശിക്കുകയുമാണ് ചെയ്യുന്നത്.ഇപ്പോൾ തകർത്തിരിക്കുന്നത് വീടിനോടും റോഡിനോടും ചേർന്ന പ്രദേശമായതിനാൽ വൻ അപകടഭീഷണിയാണ് നിലനിൽക്കുന്നത്. മതിലിന്റെ 10 മീറ്ററോളം ദൂരം തകർന്നതിനാൽ കാട്ടാനകൾക്ക് പുറമെ മറ്റ് വന്യമൃഗങ്ങളും വനത്തിൽനിന്ന് ജനവാസ മേഖലയിലേക്ക് കടക്കാനുള്ള സാധ്യതയും വർധിച്ചു. തകർന്ന ഭാഗം ഉടൻ പുനർനിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.