കൂത്തുപറമ്പ്: ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ടുപേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരിറോഡിൽ പാറാൽ നിർദിഷ്ട ബസ് സ്റ്റാൻഡ് പരിസരത്തെ എൻ.എച്ച് 1985 ഹോട്ടലുടമ മൂര്യാട് സ്വദേശി നൗഫൽ (39), സുഹൃത്ത് കക്കാട് സ്വദേശി സ്വദേശി സഹദ് (37) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
ഇതേഹോട്ടലിലെ ബില്ലിങ് സ്റ്റാഫായ വയനാട് സ്വദേശി അനസ് ചാൾസാണ് (20) ക്രൂരമായ മർദനത്തിരയായത്. ബില്ലിങ്ങിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് ഹോട്ടലുടമ നൗഫൽ സുഹൃത്തിനൊപ്പമെത്തി അനസിനെ കാറിൽകയറ്റി കൊണ്ടുപോയി മുറിയിൽ പൂട്ടിയിടുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
മർദനത്തിനിടെ രക്ഷപ്പെട്ട ചാൾസ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കൂത്തുപറമ്പ് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നു പൊലീസെത്തിയാണ് അനസ് ചാൾസിനെ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. എസ്.ഐ രമേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മുമ്പും വിവിധ കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.