കണ്ണൂർ മാർക്കറ്റിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയ നിരോധിത വസ്തുക്കൾ
കണ്ണൂർ: മാർക്കറ്റിൽ നിന്ന് 175 കിലോ കാരിബാഗ് അടക്കം നിരോധിത വസ്തുക്കളുടെ വൻശേഖരം പിടികൂടി. തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തത്.
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ബല്ലാർഡ് റോഡിലെ ഷാലിമാർ ട്രേഡ് ലിങ്കിന്റെ ഗോഡൗണിൽ നിന്നാണ് അര ടണ്ണിൽ അധികം വരുന്ന നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടിച്ചെടുത്തത്.
കണ്ണൂർ നഗരത്തിൽ നിരോധിത കാരിബാഗുകൾ സുലഭമായി ലഭിക്കുന്നു എന്ന പരാതിയെ തുടർന്നാണ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, നേർത്ത പ്ലാസ്റ്റിക് ഗ്ലാസുകൾ, പ്ലാസ്റ്റിക് വാഴയില, വിവിധതരത്തിലുള്ള കാരിബാഗുകൾ, ഗാർബേജ് ബാഗുകൾ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ, തെർമോകോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കോട്ടറ്റ് പേപ്പർ പ്ലേറ്റുകൾ എന്നിവയുടെ വൻശേഖരമാണ് സ്ക്വാഡ് പിടികൂടിയത്.
കടയുടമക്ക് 10,000 രൂപ പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കാൻ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷന് നിർദേശം നൽകി. പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ഷെരീ കുൽ അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജൂനാ റാണി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.