മട്ടന്നൂർ: നടുവനാട് നിടിയാഞ്ഞിരത്ത് മദ്യലഹരിയിലുണ്ടായ തർക്കത്തെതുടർന്ന് സുഹൃത്തിനെ കുത്തിക്കൊന്ന പ്രതിയെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി രാജ ദുരൈയാണ് (38) റിമാൻഡിലായത്. ഇയാളുടെ സുഹൃത്തും ബന്ധുവുമായ കന്യാകുമാരി സ്വദേശി ജസ്റ്റിൻരാജാണ് (34) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
ചാവശ്ശേരിയിലെ ഇന്റർലോക്ക് കമ്പനിയിൽ ജോലിചെയ്യുന്ന ഇരുവരും നടുവനാട്ട് വാടകക്ക് താമസിക്കുന്നവരാണ്. രാജയുടെ ക്ഷണപ്രകാരമാണ് ജസ്റ്റിൻ ഇയാളുടെ വീട്ടിലെത്തിയത്. മദ്യപാനത്തിനിടെ വാക്കേറ്റമുണ്ടാകുകയും രാജ കത്തികൊണ്ട് ജസ്റ്റിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു.
രാജയുടെ വീട്ടിലെ കുട്ടി സമീപത്തെ കടയിൽ വിവരമറിയിച്ചപ്പോഴാണ് നാട്ടുകാർ സംഭവമറിയുന്നത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വീട്ടിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഒളിച്ചിരുന്ന രാജയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മട്ടന്നൂർ ഇൻസ്പെക്ടർ എം. അനിൽ, എസ്.ഐ ആർ.എൻ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യംചെയ്ത ശേഷം തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. മട്ടന്നൂർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ജസ്റ്റിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.