മട്ടന്നൂര്‍: അയ്യല്ലൂര്‍ കരൂഞ്ഞാലില്‍ ചൊവ്വാഴ്ച രാത്രി വീണ്ടും പുലിയെത്തിയതായി വനം ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കാമറയില്‍ തെളിഞ്ഞു. തലേദിവസം രാത്രി പുലി കൊന്ന് പാതിതിന്ന കുറുക്കന്റെ ബാക്കിഭാഗം തിന്നാനാണ് പുലി വീണ്ടുമെത്തിയത്. എന്നാല്‍, അതിനുമുമ്പെ ഒരു പട്ടി വലിച്ചുകൊണ്ടുപോകുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ആശങ്കവേണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഡി.എഫ്.ഒ പി. കാര്‍ത്തിക് അറിയിച്ചു. കടുവയെ പോലെയല്ല, പുലിക്ക് ആൾത്താമസമുള്ള ഭാഗത്ത് വരുന്ന സ്വഭാവമുണ്ട്. അതിനാൽ ഇരുട്ടത്ത് ആരും ഇറങ്ങിനടക്കരുത്. പുലി ആളുകളെ ആക്രമിക്കുന്ന ജീവിയല്ല. വീട്ടില്‍ വളര്‍ത്തുന്ന പട്ടികളുണ്ടെങ്കില് പ്രത്യേകം ശ്രദ്ധിക്കണം. പുലിക്ക് എളുപ്പം കൊണ്ടുപോകാന്‍ പറ്റും.
ചൊവ്വാഴ്ച പുലര്‍ച്ച റബര്‍ പാല് ശേഖരിക്കാനെത്തിയവരാണ് പുലിയെ പോലൊരു ജീവിയെ കണ്ടത്. നിരവധിപേര്‍ റബര്‍ തോട്ടങ്ങളില്‍ പുലര്‍ച്ച എത്തി ജോലിചെയ്യുന്ന മലയിടുക്കുകളാണ് പുരളിമലയുടെ ചുറ്റുവട്ടത്തുള്ള ഈ കുന്നിൻചരിവ്.
പ്രദേശത്തുകാര്‍ പരിഭ്രാന്തരാകേണ്ടെന്നും ജാഗ്രതയുണ്ടായാല്‍ മതിയെന്നും നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത് പറഞ്ഞു. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും തോട്ടങ്ങളിലും ഇടവഴികളിലും സഞ്ചരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂര്‍: അയ്യല്ലൂര്‍ പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനപാലകര്‍ ഉറപ്പുവരുത്തിയതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണം. വനപാലകരുടെയും നഗരസഭയുടെയും നിർദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം. ജനവാസമേഖലയായതിനാല്‍ വനം വകുപ്പിന്റെ പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിക്കണമെന്നും പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കെ.കെ. ശൈലജ എം.എല്‍.എ വനംമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.