മയ്യിൽ: കളിക്കളങ്ങളില്ലാതാകുന്നു എന്ന് വിലപിക്കുകയല്ല, സ്വപ്നങ്ങളിലേക്ക് അവിശ്വസനീയമായ രീതിയിൽ ഒരു നാടിനെ കൈപിടിച്ച് നടത്തുകയാണ് മയ്യിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം. കാലങ്ങളായി കളിക്കാൻ ഉപയോഗിച്ചിരുന്ന മൈതാനങ്ങളെല്ലാം കെട്ടിടങ്ങളും മതിലുകളും ഉയർന്ന് ഇല്ലാതായതോടെയാണ് സ്വന്തമായി കളിയിടമെന്ന ചിന്തയിലേക്ക് നാടുണരുന്നത്. നാട്ടിൻപുറമാണെങ്കിലും സെന്റിന് ലക്ഷങ്ങൾ വേണം. ഭൂമി കണ്ടെത്തിയാലും സ്റ്റേഡിയമായി ഒരുക്കിയെടുക്കാൻ പിന്നെയും വേണം ലക്ഷങ്ങൾ. ലക്ഷങ്ങളുടെ അക്കപ്പെരുക്കങ്ങളിൽ ഭയന്നു നിൽക്കാതെ ജനകീയ പങ്കാളിത്തത്തോടെ തലമുറകൾക്കായി കളിയിടം ഒരുക്കുകയാണ് മയ്യിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം പ്രവർത്തകർ.
പുസ്തകങ്ങളിൽനിന്ന് പരന്നൊഴുകുന്ന വെളിച്ചം നാടിന്റെ ചരിത്രം തിരുത്തിക്കുറിക്കുകയാണ്. കളിക്കളങ്ങളോട് ലഹരിയുള്ള തലമുറയെ നിർമിക്കാൻ നാടും അവിടത്തെ മുഴുവൻ മനുഷ്യരും ഒപ്പം ചേരാൻ ഒരുങ്ങുകയാണ്. ആദ്യഘട്ടമായി 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് ലൈബ്രറിക്ക് നൂറു മീറ്റർ മാത്രം അകലെ തായംപൊയിൽ എ.എൽ.പി സ്കൂളിനോട് ചേർന്ന് 27 സെന്റ് വിലക്ക് വാങ്ങിയാണ് മൈതാനം ഒരുക്കുന്നത്. മൈതാനം നിർമിക്കാൻ സർക്കാർ ഉൾപ്പെടെ സംവിധാനങ്ങളെ ഇതിനായി സമീപിച്ചെങ്കിലും ഉയർന്ന വിലക്ക് ഭൂമി വിലക്ക് വാങ്ങുന്നതിന് തടസ്സങ്ങൾ പലതായിരുന്നു. ഇതോടെയാണ് ജനകീയ പങ്കാളിത്തം എന്ന ആശയം ഉരുത്തിരിഞ്ഞത്.
ലൈബ്രറി പ്രവർത്തകരിൽനിന്ന് വായ്പ സമാഹരിച്ച് ഭൂവിലയുടെ ഒരു പങ്ക് കൈമാറി. നാലുമാസത്തിനകം മുഴുവൻ തുകയും കൈമാറുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിൽ നടക്കുന്നു. പ്രദേശത്തെ മുഴുവൻ കുടുംബങ്ങളെയും വ്യക്തികളെയും പങ്കാളികളാക്കിയുള്ള 26 മാസം നീളുന്ന ജനകീയ സമ്മാന പദ്ധതിക്ക് മേയ് 15ന് തുടക്കമാവും. വിവിധ ചലഞ്ചുകൾ, സ്നേഹസദ്യ, ബോണ്ടുകൾ, സംഭാവന എന്നിവയിലൂടെയാണ് വരും മാസങ്ങളിൽ ആവശ്യമായ മുഴുവൻ തുകയും സമാഹരിക്കുക. ത്രിതല പഞ്ചായത്തുകളുടെയും സ്പോർട്സ് കൗൺസിൽ പോലുള്ള ഏജൻസികളുടെയും സഹകരണത്തോടെയാണ് കളിയിടത്തെ സ്റ്റേഡിയമായി വികസിപ്പിക്കുക.
കളിക്കളം എന്നതിനപ്പുറം നാടിന്റെ പൊതു ഇടമായാണ് ഇത് പ്രയോജനപ്പെടുത്തുക. ഫുട്ബാൾ, വോളിബാൾ, ഷട്ടിൽ ബാഡ്മിന്റൺ, പൊതു പരിപാടികൾ തുടങ്ങിയവക്ക് പ്രയോജനപ്പെടുത്താവുന്ന വിധം മൾട്ടിപർപ്പസ് സ്റ്റേഡിയമായാവും ഭാവി വികസനം. കളിക്കളം നിർമിക്കുന്നതിന് മുന്നോടിയായി ലൈബ്രറി നേതൃത്വത്തിൽ കുട്ടികൾക്കുള്ള ഫുട്ബാൾ കോച്ചിങ് ക്യാമ്പും ആരംഭിച്ചിട്ടുണ്ട്. കളിക്കളം നിർമാണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ജനകീയ സംഘാടക സമിതി രൂപവത്കരണവും മേയ് മാസം നടക്കും. കെ.സി. ശ്രീനിവാസൻ പ്രസിഡന്റും എം. ഷൈജു സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.‘ചരിത്ര ദൗത്യമാണിതെന്നും സാമൂഹിക നിർമിതിയിൽ ലൈബ്രറികൾക്ക് എങ്ങനെയൊക്ക ഇടപെടാൻ കഴിയും എന്നതിന്റെ സുന്ദരമായ ഉദാഹരണമാണിതെന്നും ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. വിജയൻ പറഞ്ഞു.
കുട്ടികൾക്കായി അവധിക്കാല വായന ചലഞ്ചും വനിതകൾക്കായി വർഷം മുഴുവൻ നീളുന്ന പെൺവായന ചലഞ്ചും ഉൾപ്പെടെയുള്ള അനേകം നൂതനാശയങ്ങൾ നടപ്പാക്കിയ കേരളത്തിലെ മികച്ച ഗ്രാമീണ ലൈബ്രറികളിലൊന്നാണ് സഫ്ദർ ഹാഷ്മി. ലൈബ്രറി കൗൺസിലിന്റെ എ പ്ലസ് - അഫിലിയേഷനോടെയാണ് പ്രവർത്തനം. രണ്ടു നിലകളിലായാണ് ലൈബ്രറിയിൽ പുസ്തകങ്ങൾ സജ്ജമാക്കിയത്. ഗ്രാമീണ മേഖലയിലെ ആദ്യത്തെ ഡിസൈൻഡ് എയർകണ്ടീഷൻഡ് ലൈബ്രറി കൂടിയാണിത്. മൾട്ടിപർപ്പസ് സ്റ്റേഡിയം വേഗത്തിൽ പൂർത്തിയാക്കാൻ സംഭാവനകൾ തേടുകയാണ് ലൈബ്രറി ഭരണസമിതി. ഫോൺ: 9847220900.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.