പയ്യന്നൂർ: ജില്ലയിൽ രണ്ടുപേർക്ക് എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടി ശക്തമാക്കി ആരോഗ്യ വകുപ്പ്. വിഷയം മന്ത്രിതലത്തിൽ ചർച്ച ചെയ്ത് രോഗം വ്യാപിക്കാതിരിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. രോഗബാധിതരുമായി സമ്പർക്കപ്പട്ടികയിലുള്ളവരെ ഉൾപ്പെടെ നിരീക്ഷിച്ച് രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യിൽനിന്ന് വന്ന കണ്ണൂർ സ്വദേശിക്കു കൂടി എം പോക്സ് സ്ഥീരീകരിച്ചു. ഇരുവരും കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും. കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
രോഗലക്ഷണങ്ങൾ പ്രകടമായതിനു ശേഷമാണ് രോഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഐസൊലേഷനിൽ തുടരേണ്ടതും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്. വിമാനത്താവളങ്ങളിലുൾപ്പെടെ അവബോധം ശക്തിപ്പെടുത്തിയിട്ടുണ്ട്. കോവിഡോ എച്ച്1 എൻ1 ഇൻഫ്ലുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരുക, നേരിട്ട് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത ഏറെയാണ്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.