കണ്ണൂർ: കേന്ദ്ര സർക്കാറും കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ നാല് മാസത്തിനു മുകളിൽ പ്രായമുള്ള പശു, എരുമ വർഗത്തിൽ പെട്ട 56,837 കന്നുകാലികൾക്ക് കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പും പശു വർഗത്തിൽ പെട്ട 56,928 കന്നുകാലികൾക്ക് ചർമമുഴരോഗ പ്രതിരോധ കുത്തിവെപ്പും നടത്തി. കന്നുകാലികൾക്ക് കുളമ്പുരോഗവും ചർമമുഴരോഗവും വരാതെ സംരക്ഷിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആഗസ്റ്റ് അഞ്ചിന് തുടങ്ങിയ പദ്ധതി സെപ്റ്റംബർ 30 വരെയാണ് ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ അഞ്ചാംഘട്ടവും ചർമമുഴരോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടവും നടപ്പാക്കിയത്.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരളാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 24 മുതൽ 30 വരെ ജില്ലയിൽ ബ്രൂസെല്ലാ രോഗപ്രതിരോധ കുത്തിവെപ്പിന്റെ മൂന്നാം ഘട്ടവും നടപ്പിലാക്കി. നാല് മുതൽ എട്ടു മാസം പ്രായമായ 2564 പശു/എരുമ കുട്ടികൾക്കാണ് ബ്രൂസല്ലാ രോഗപ്രതിരോധ കുത്തിവെപ്പ് നടത്തിയത്. മൃഗങ്ങളിൽ ബ്രൂസെല്ലാ രോഗത്തിന് ചികിത്സ ഇല്ലാത്തതിനാൽ വാക്സിനേഷൻ വഴി മാത്രമേ രോഗം നിയന്ത്രിക്കാൻ കഴിയൂ. നാല് മുതൽ എട്ടു മാസം പ്രായമായ പശുക്കുട്ടികളിലും എരുമക്കുട്ടികളിലും ഒരു പ്രാവശ്യം വാക്സിൻ നൽകുന്നതിലൂടെ ജീവിതകാലം മുഴുവനും രോഗ നിയന്ത്രണം കൈവരിക്കാനാവുമെന്ന് ജില്ല മൃഗ സംരക്ഷണ ഓഫിസർ ഡോ.വി. പ്രശാന്ത് പറഞ്ഞു.
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്,ബ്രൂസല്ലാരോഗ പ്രതിരോധകുത്തിവെപ്പ് എന്നിവ ആറ് മാസം തോറും ചർമമുഴ രോഗപ്രതിരോധ കുത്തിവെപ്പ് വർഷം തോറും നടത്തും. കൂടാതെ കന്നുകാലികളിൽ കുളമ്പുരോഗം, ചർമമുഴ രോഗം എന്നിവ വ്യാപകമായി വന്നാൽ രോഗനിയന്ത്രണം നടത്തുന്നതിനായി രോഗപ്രഭവ കേന്ദ്രത്തിന്റെ രണ്ടു മുതൽ അഞ്ചുവരെ കിലോമീറ്റർ ചുറ്റളവിലുള്ള കന്നുകാലികൾക്ക് കണ്ടയിന്‍മെൻറ് വാക്സിനേഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.