കല്യാശ്ശേരി: ദേശീയപാത വികസനപ്രവൃത്തികൾ തുടങ്ങിയതോടെ കല്യാശ്ശേരിയിലെ കർഷകർ ആശങ്കയിൽ. പരാതിയുമായി ഉന്നത കേന്ദ്രങ്ങളില്‍ വരെ പോയെങ്കിലും കർഷകർ ഉയർത്തിയ ആശങ്കക്ക് പരിഹാരമില്ലാതെതന്നെ നിർമാണങ്ങൾ നടന്നുകഴിഞ്ഞു. പഞ്ചായത്തിലെ പ്രധാന പാടശേഖരമായ വയക്കര-മംഗലശ്ശേരി പാടശേഖരങ്ങളുടെ മധ്യത്തിലൂടെ ഒഴുകുന്ന ആറു മീറ്റർ വീതിയുള്ള തോടിന് കേവലം രണ്ടു മീറ്റർ വീതിയിൽ കലുങ്ക് നിർമാണമാണ് പൂർത്തിയാക്കിയത്.
ഇതോടെ നിലവിലുള്ള ദേശീയപാതയുടെ കിഴക്കു ഭാഗത്തുള്ള 30 ഹെക്ടറോളം നെല്പാടങ്ങൾ വെള്ളക്കെട്ടിലാകുമെന്നുറപ്പായി. പാടങ്ങളിലെ വെള്ളത്തിനൊഴുകാൻ മാത്രം വീതിയുള്ള കലുങ്ക് നിർമിക്കാത്തത് വെള്ളക്കെട്ടിന് കാരണമാകുമെന്നുറപ്പാണ്. വയക്കര വയലിൽ മണ്ണിടുമ്പോൾതന്നെ ജനപ്രതിനിധികളും കലക്ടറുടെ പ്രതിനിധികളും നിർമാണം നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
ജില്ല പഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ജനപ്രതിനിധികൾ തോടിന് നാലു മീറ്റർ വീതിയിലും മൂന്നു മീറ്റർ ഉയരത്തിലും വയലിലൂടെ വെള്ളം പരന്നൊഴുകുന്നതിനുള്ള വലിയ കലുങ്കും മറ്റു രണ്ടിലധികം കലുങ്കുകളും പ്രദേശത്ത് നിർമിക്കുമെന്ന് കർഷകർക്ക് ഉറപ്പുനൽകിയിരുന്നു. പ്രശ്നം ദേശീയപാത നിർമാണത്തിന്റെ അവലോകന യോഗങ്ങളിൽ ഉയർത്തി കർഷകരുടെ ആശങ്ക പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ, എല്ലാ വാഗ്ദാനങ്ങളും ഉറപ്പുകളും ജലരേഖയായി.
ഇതോടെ പാതയുടെ കിഴക്കു ഭാഗത്തുള്ള 30 ഹെക്ടറോളം പാടങ്ങളില്‍ ഇനി കൃഷി ചെയ്യാൻ സാധിക്കില്ല. കാരണം വര്‍ഷകാലങ്ങളില്‍ മൂന്നു മീറ്ററിലധികം ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന പാടങ്ങളില്‍ കൃഷിയോഗ്യമല്ല. പഞ്ചായത്തിലെ കിഴക്കൻ വയൽ, വയക്കര, മംഗലശ്ശേരി താവ, കൂരാത്ത് പാടശേഖരം എന്നിവിടങ്ങളിലെ പ്രധാന ജലസ്രോതസ്സായ പാറക്കടവ് തോടാണ് പുതിയ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഒഴുകാന്‍ വഴിയില്ലാതാകുന്നത്.
തോടിന്റെ തുടക്കത്തിൽ നാലു മീറ്ററും പിന്നീട് അഞ്ചും ആറും ഏഴും മീറ്റർ വീതിയിലൊഴുകുന്ന തോടാണിത്. ഈ തോടിന്റെ നീരൊഴുക്ക് നിലവിൽ രണ്ടു മീറ്റർ വീതിയുള്ള കലുങ്കിലൂടെ ഒഴുക്കിവിടാന്‍ സാധ്യമല്ല. മാത്രമല്ല, മഴക്കാലത്ത് പുല്ലുകളും കാടുകളുമടിഞ്ഞ് കലുങ്കിലൂടെയുള്ള നീരൊഴുക്കും തടസ്സപ്പെടുമെന്നും കർഷകർ പറയുന്നു. ഇതുകാരണം പുതിയ പാതയുടെ കിഴക്കു ഭാഗം വെള്ളപ്പൊക്കത്തിനും പടിഞ്ഞാറ് ഭാഗത്തെ തോട്ടിൽ വെള്ളമില്ലാതെ വരൾച്ചക്കും കാരണമാകുമെന്ന ആശങ്കയുമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.