അഭിലാഷ്
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി എൻ.കെ. അഭിലാഷിനെ (26) ആണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ മാത്യു ജാക്സൺ ഡിസിൽവയും സംഘവും കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. മാർച്ച് 20ന് രാത്രി 8.15നും 8.30നും ഇടയിലാണ് മോഷണം നടന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പാർസൽ ഓഫിസിലെത്തിയ മുണ്ടയാട് അതിരകത്തെ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് മോഷ്ടിച്ചത്. ആർ.പി.എഫ് ഓഫിസിനടുത്ത് സ്കൂട്ടർ നിർത്തി പാർസൽ ഓഫിസിൽ പോയി പത്ത് മിനിറ്റിനകം തിരിച്ചെത്തിയപ്പോഴാണ് സ്കൂട്ടർ കാണാതായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ആർ.പി.എഫ് പിടികൂടിയ അഭിലാഷ് സ്റ്റേഷന് പുറത്തിറങ്ങി സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു.
ഇയാൾ സ്കൂട്ടറുമായി പോകുന്ന ദൃശ്യങ്ങൾ രാത്രി കോഴിക്കോട് ഏലത്തൂരിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്.ഐ അനുരൂപ്, ഉദ്യോഗസ്ഥരായ നാസർ, മിഥുൻ, ബൈജു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.