പാനൂർ: ഫെബ്രുവരി 13 ലോക റേഡിയോ ദിനം. ശബ്ദത്തിലൂടെ ചുറ്റുപാടുകളെ അടയാളപ്പെടുത്തുകയും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിെൻറ ഭാഗമാവുകയും ചെയ്ത ജനകീയ പ്രക്ഷേപണത്തിെൻറ പുത്തൻ മാതൃകകളാവുന്നു രാജ്യത്തെ കമ്യൂണിറ്റി റേഡിയോ നിലയങ്ങൾ. റേഡിയോ വൻതിരിച്ചുവരവിെൻറ പാതയിലാണെന്ന രീതിയിൽ കമ്യൂണിറ്റി റേഡിയോകളും വെബ് റേഡിയോ നിലയങ്ങളും വ്യാപകമാവുന്ന പുതിയ ലോകത്ത് കണ്ണൂർ ജില്ലയിലെ പാനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റേഡിയോ ജൻവാണി 90.8ഉം സ്റ്റേഷൻ ഡയറക്ടറും സ്ഥാപകനുമായ നിർമൽ മയ്യഴിയും ശ്രദ്ധേയമായ സാന്നിധ്യമുറപ്പിക്കുന്നു.
2012 ഒക്ടോബർ രണ്ടിനായിരുന്നു ജൻവാണിയിൽ നിന്ന് ആദ്യശബ്ദം വാനിലേക്കുയർന്നത്. ഈ നിലയത്തിൽനിന്ന് ആദ്യകാലത്ത് പതിനേഴ് മണിക്കൂർ മാത്രമായിരുന്നു പ്രക്ഷേപണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ഇടവേളകളില്ലാതെ ഇരുപത്തിനാല് മണിക്കൂർ പ്രക്ഷേപണവുമായി യാത്ര തുടരുകയാണ് ജൻവാണി.
ആകാശവാണിയുടെ എല്ലാ വാർത്താ ബുള്ളറ്റിനുകളും തത്സമയം ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്. കലാ-സാംസ്കാരിക-സാമൂഹിക പരിപാടികൾക്കുപുറമെ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ഊർജസംരക്ഷണം, ലഹരിവിരുദ്ധം, പോഷകാഹാരം, ക്ഷയരോഗ ബോധവത്കരണം എന്നിങ്ങനെ വിവിധ മേഖലകളിൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള പരിപാടികൾക്ക് പ്രാമുഖ്യം നൽകിവരുന്നുണ്ട്.
സ്റ്റേഷൻ ഡയറക്ടർ നിർമൽ മയ്യഴിയുടെ കഠിനപരിശ്രമമാണ് ഈ മുഴുസമയ പ്രക്ഷേപണം. മാഹി സ്വകാര്യ ടെലിവിഷൻ ചാനലിൽ പ്രൊഡക്ഷൻ എൻജിനീയറായി ഔദ്യോഗിക ജീവിതമാരംഭിച്ച ഇദ്ദേഹം സമാനമനസ്കരായ ഒരുകൂട്ടം സന്നദ്ധപ്രവർത്തകരുമായിച്ചേർന്ന് 1998 ൽ രൂപവത്കരിച്ച എയ്റ്റെഡ്സ് എന്ന സംഘടനയുടെ കീഴിൽ കേന്ദ്ര സർക്കാറിെൻറ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സന്നദ്ധ സംഘടനയാണ് ജൻ വാണി കമ്യൂണിറ്റി റേഡിയോ. കമ്യൂണിറ്റി റേഡിയോ പ്രവർത്തനങ്ങൾക്ക് ഇതിനകം മൂന്ന് ദേശീയ അവാർഡുകളും ഒരു സംസ്ഥാന അവാർഡും നിർമലിന് ലഭിച്ചിട്ടുണ്ട്. ലോകത്തിെൻറ ഏതുകോണിലും മലയാളികൾക്ക് ആസ്വദിക്കാൻ പാകത്തിൽ ഇവിടെനിന്നുള്ള പ്രക്ഷേപണം തത്സമയം ഓൺലൈനിലും ലഭ്യമാക്കിവരുകയാണ്.
റേഡിയോ ശ്രോതാക്കളുടെ എണ്ണത്തിൽ ബാഹുല്യമുണ്ടായിട്ടുണ്ടെന്നും വ്യത്യസ്ത പ്രായത്തിലും അഭിരുചികളിലുമുള്ളവർ മൊബൈൽ ആപ്പുകളിലൂടെയുൾപ്പെടെ റേഡിയോ കേൾക്കാൻ തുടങ്ങിയിട്ടുണ്ടെന്നതുകൂടി കണക്കിലെടുത്ത് വ്യത്യസ്തതയാർന്ന ശബ്ദാനുഭൂതി പകരുന്നതിന് നവീകരണത്തിെൻറ പാതയിലാണ് തങ്ങളുള്ളതെന്ന് ജൻവാണി പ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.