കാട്ടുപന്നികൾ തകർത്ത നേന്ത്രവാഴത്തോട്ടത്തിൽ കർഷകൻ രാജീവൻ
പാനൂർ: പൊയിലൂരിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവ കർഷകന്റെ സ്വപ്നങ്ങൾ തകർന്നടിഞ്ഞു. വടക്കെ പൊയിലൂർ പാറയുള്ള പറമ്പിലെ മുള്ളമ്പ്രാൻ രാജീവന്റെ നേന്ത്രവാഴ കൃഷിയാണ് കാട്ടുപന്നികൾ തകർത്തത്. 150 ഓളം വാഴകൾ നശിപ്പിക്കപ്പെട്ടു. വിഷു വിപണി ലക്ഷ്യമിട്ടാണ് രാജീവൻ കൃഷിയിറക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിലേക്ക് കടന്നെത്തിയത്. കർഷകനായ രാജീവൻ 25 സെന്റ് സ്ഥലത്ത് പരിപാലിച്ചിരുന്ന 150ലധികം നേന്ത്രവാഴകളാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ നശിച്ചത്. വിഷുവിന് വിളവെടുക്കാനുള്ള തലത്തിലെത്തിയ വാഴകളാണ് നശിപ്പിക്കപ്പെട്ടത്.
ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമാണ് കർഷകനുണ്ടായത്. നേരത്തേയും ഇവിടെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൃഷിയെ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമുള്ള പ്രതിരോധ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നതാണ് കർഷകരുടെ ആവശ്യം. കാടിനോട് ചേർന്ന കൃഷിയിടങ്ങളിൽ വൈദ്യുതി വേലികൾ, ശബ്ദ ഭീഷണികൾ, ഫലപ്രദമായ ആധുനിക പ്രതിരോധ ഉപാധികൾ എന്നിവയെക്കുറിച്ച് അവലോകനം ചെയ്യണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
കൃഷിയെ രക്ഷിക്കാനായി കർഷകർ രാത്രിയിലും ജാഗ്രത പുലർത്തേണ്ടിവരുന്നു. ഇത് സ്ഥിരപരിഹാരമല്ലെന്ന് രാജീവനടക്കം നിരവധി കർഷകർ ചൂണ്ടിക്കാട്ടുന്നു. അധികാരികൾ ഇടപെട്ട് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തണമെന്ന് ആവശ്യമുയരുന്നു. കാട്ടുപന്നി അക്രമത്തിൻ വള്ള്യായിലെ കർഷകൻ എ.കെ. ശ്രീധരൻ മരണപ്പെട്ടതിനെ തുടർന്ന് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് കാട്ടുപന്നികൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഈ ഭാഗത്തും കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുകയാണ്. ടാസ്ക് ഫോഴ്സിന്റെ സേവനം ഈ ഭാഗത്തും വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.