പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസ് വീണ്ടും മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് മാറ്റി. കീച്ചേരി പാമ്പാല പെട്രോൾ പമ്പിനു സമീപത്തെ വാടക വീട്ടിലേക്കാണ് ഓഫിസ് മാറ്റിയത്.
ഓഫിസും പരിസരവും സഞ്ചാരയോഗ്യമല്ലാത്ത നിലയിലായതിനാൽ വിദ്യാഭ്യാസ ഓഫിസിലേക്ക് ചുറ്റിത്തിരിയാനാണ് അധ്യാപകരുടെ പരാതി. പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസാണ് വർഷങ്ങളായി സ്ഥിരമായ ആസ്ഥാനമില്ലാതെ വാടകക്കെട്ടിടങ്ങളിലേക്ക് മാറിമാറി കുടിയേറുന്നത്.
ഏറ്റവും ഒടുവിൽ കീച്ചേരിയിലെ വാടകക്കെട്ടിടത്തിൽ കഴിഞ്ഞ 2017മുതൽ പ്രവർത്തിക്കുന്ന കെട്ടിടം തിങ്കളാഴ്ച മുതൽ പാപ്പിനിശ്ശേരി പഞ്ചായത്തിലെ പമ്പാലക്ക് സമീപത്തെ പുതിയ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയാണ്.
പതിറ്റാണ്ടുകളായി പാപ്പിനിശ്ശേരി കോട്ടൺസ് റോഡിൽ പ്രവർത്തിച്ച വാടകക്കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്ന് 2011ൽ കല്യാശ്ശേരി പഞ്ചായത്തിലെ പഴയ പഞ്ചായത്ത് /വില്ലേജ് ഓഫിസ് കെട്ടിടത്തിലേക്ക് മാറിയത്.
എന്നാൽ, ആ കെട്ടിടവും അതീവ ശോച്യാവസ്ഥയിലായതോടെ ഓഫിസ് ഫയലുകൾപോലും നശിക്കുന്ന അവസ്ഥയുണ്ടായതായി ഓഫിസ് ജീവനക്കാരും അധ്യാപകരും നിരന്തരം പരാതിപ്പെട്ടിരുന്നു. തുടർന്ന്, അന്നത്തെ പ്രഥമാധ്യാപക ഫോറം മുൻകൈ എടുത്താണ് 2017ൽ ദേശീയ പാതയോരത്തുള്ള കീച്ചേരിയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയത്.
എന്നാൽ, കെട്ടിട ഉടമക്ക് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച വാടകപോലും ലഭിക്കുന്നതിന് വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു. ഒടുവിൽ കോടതിയെ സമീപിച്ച് അനുകല ഉത്തരവ് നേടിയാണ് വാടക ലഭിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ, പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച വാടക പുതുക്കി നൽകണമെന്ന കെട്ടിട ഉടമയുടെ നിലപാടിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന് ആ കെട്ടിടവും ഒഴിയേണ്ടി വന്നതെന്നാണ് അധികൃതർ പറയുന്നത്. ഇതേത്തുടർന്നാണ് കീച്ചേരി പെട്രോൾ പമ്പിനു സമീപത്തെ മറ്റൊരു വാടകക്കെട്ടിടം കണ്ടെത്തി നവംബർ നാലു മുതൽ മാറാനായി തീരുമാനിച്ചത്. ഇത് മുൻ വാടക തുകയിലും കുറവാണ് എന്ന ഒരു നേട്ടം മാത്രം.
പാപ്പിനിശ്ശേരി ഉപജില്ലയിൽ ഉൾപ്പെട്ട നിരവധി സർക്കാർ വിദ്യാലയങ്ങളുടെ സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും ഉപജില്ല വിദ്യാഭ്യാസ ഓഫിസ് മാറ്റുന്നതിനുള്ള ഭൗതീക സൗകര്യങ്ങൾ നിലവിലുണ്ട്. കൂടുതൽ സീകാര്യപ്രദമായി കാട്ടാമ്പള്ളിയിലെ സർക്കാർ സ്കൂളിലെ കെട്ടിടത്തിലേക്ക് മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടെങ്കിലും കാട്ടാമ്പള്ളി ഗവ. യു.പി സ്കൂൾ പി.ടി.എ കേടതിയെ സമീപിച്ചതിനാൽ മാറ്റാൻ സാധിച്ചില്ല.
2010ൽ പാപ്പിനിശ്ശേരി വെൽഫെയർ സ്കൂളിലെ സ്ഥലത്ത് വിദ്യാഭ്യാസ ഓഫിസിനായി കെട്ടിടം പണിയാൻ അന്നത്തെ എം.പി. കെ. സുധാകരൻ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, ചില സമ്മർദ്ദങ്ങൾ മൂലം നടപ്പിലായില്ല.
കണ്ണൂർ കോർപറേഷന്റെ ഭാഗമായ പുഴാതി, പള്ളിക്കുന്ന് എന്നിവയും അഴീക്കോട്, ചിറക്കൽ, നാറാത്ത്, വളപട്ടണം, പാപ്പിനിശ്ശേരി, കല്യാശ്ശേരി എന്നീ പഞ്ചായത്ത് പരിധികളും ഉൾപ്പെടുന്നതാണ് പാപ്പിനിശ്ശേരി ഉപജില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.