പാപ്പിനിശ്ശേരി: തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് സ്വതന്ത്രമായി പുറത്തിങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് നാടും നഗരവും. കണ്ണൂർ ജില്ല ആശുപത്രിയിൽ 600ലേറെ പേരാണ് പ്രതിമാസം തെരുവുനായുടെ കടിയേറ്റ് പേവിഷ ബാധ കുത്തിവെപ്പ് എടുക്കാനെത്തുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സതേടുന്നവരുടെ എണ്ണവും നിരവധി. കുട്ടികളെയും പ്രായമായവരെയുമാണ് തെരുവുനായ്ക്കൾ കൂടുതലായും ആക്രമിക്കുന്നത്. മുഴപ്പിലങ്ങാട് തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ സംസാരശേഷിയില്ലാത്ത 10 വയസ്സുകാരന് ജീവൻ നഷ്ടമായത് കഴിഞ്ഞവർഷമാണ്.
രണ്ടു വർഷം മുമ്പ് ഊരത്തൂരിൽ പ്രവർത്തനമാരംഭിച്ച എ.ബി.സി കേന്ദ്രത്തിൽനിന്ന് മൂവായിരത്തോളം നായ്ക്കളെ മാത്രമാണ് സെപ്റ്റംബർ 25 വരെ വന്ധ്യംകരിച്ചത്. ഇതിൽ 1631 ആൺനായ്ക്കളും 1324 പെൺനായ്ക്കളും ഉൾപ്പെടുന്നു. നേരത്തേ പാപ്പിനിശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ഈ സെന്ററിൽ 8114 നായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. തെരുവുനായ്ക്കളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണ് പരാതി.
ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീം കോടതിയിൽ അന്യായം സമർപ്പിച്ചത് തീരുമാനമാകാതെ നീളുകയാണ്.
ഒരു നായ്ക്ക് 2100 രൂപ
ഒരു നായെ വന്ധ്യംകരിക്കാനായി 2,100 രൂപയാണ് ജില്ല പഞ്ചായത്ത് വകയിരുത്തുന്നത്. ശസ്ത്രക്രിയക്കുശേഷം നായ്ക്കളെ മൂന്നു ദിവസവും പട്ടികളെ അഞ്ചുദിവസവും നിരീക്ഷണത്തിൽ പാർപ്പിക്കണം. ചികിത്സയും ഭക്ഷണവും നൽകും. ഓരോ പഞ്ചായത്തിലും നായെ പിടിക്കാൻ ആളെത്തുന്നുണ്ട്. എന്നാൽ, ആവശ്യത്തിന് നായ്ക്കളെ കിട്ടുന്നില്ലെന്നാണ് പരാതി. നായ് പിടിത്തക്കാരെ തെരുവുനായ്ക്കൾ തിരിച്ചറിഞ്ഞ് രക്ഷപ്പെടുന്നതും വെല്ലുവിളിയാണ്.
ആക്രമണവാസന വർധിക്കുന്നു
തെരുവുനായ്ക്കളുടെ എണ്ണത്തിനൊപ്പം അക്രമവാസനയും വർധിക്കുകയാണ്. അറവുമാലിന്യങ്ങൾ തള്ളുന്നത് അടക്കമുള്ളവ തെരുവുനായ് ശല്യം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. 2019 ലെ സെൻസസ് പ്രകാരം ജില്ലയിലാകെ 23,666 തെരുവുനായ്ക്കളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഈ വർഷം നടക്കുന്ന പുതിയ സെൻസസിൽ എണ്ണം ഇരട്ടിയാകും. എ.ബി.സി പദ്ധതി പ്രകാരമുള്ള നടപടികൾ തെരുവു നായ പെരുകുന്നതിന് പരിഹാരമാകുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാൽനടക്കാരും വിദ്യാർഥികളും ഇരുചക്രവാഹന യാത്രക്കാരുമാണ് തെരുവുനായുടെ ആക്രമണം ഏറ്റവുമധികം ഏൽക്കേണ്ടി വരുന്നത്.
കുത്തിവെപ്പ് നിർബന്ധം
പേവിഷബാധക്കെതിരെ ജീവന്റെ വിലയുള്ള ജാഗ്രത ആവശ്യമാണ്. നായ് കടിച്ചാൽ പ്രതിരോധ കുത്തിവെപ്പെടുക്കണം. തെരുവുനായ് കടിച്ചാലോ മാന്തിയാലോ കുത്തിവെപ്പെടുക്കണം.
ചെറിയ പരിക്കേറ്റവർക്കും ഗുരുതരമല്ലാത്ത പരിക്കുകൾക്കും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ലഭ്യമാണ്. ഗുരുതര പരിക്കേറ്റവർക്ക് കിടത്തിചികിൽസ ആവശ്യമാണ്. കാറ്റഗറി ഒന്നിനും രണ്ടിനും ആൻറി റാബിസ് സിറം മതിയാകും. എന്നാൽ കാറ്റഗറി മൂന്നിന് ആൻറി റാബിസ് സിറവും ഇൻട്രാഡെർമൽ റാബിസ് വാക്സിനും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.