പയ്യന്നൂർ: റെയിൽവേ ലെവൽ ക്രോസിന്റെ അറ്റകുറ്റപ്പണിക്ക് പയ്യന്നൂർ നഗരസഭ ഓരോ വർഷവും അടക്കുന്നത് 30 ലക്ഷത്തോളം രൂപ. ഇത് ഒഴിവാക്കി ത്തരണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ കത്തിന് റെയിൽവേ പച്ചക്കൊടി കാണിച്ചില്ല. റെയിൽവേ മേൽപാലം യാഥാർഥ്യമാകുന്നതുവരെ തുക നൽകിയേ പറ്റൂ എന്നറിയിച്ച് മറുപടിയും നൽകി റെയിൽവേ.
എല്ലാ വർഷവും ലക്ഷങ്ങൾ ചെലവഴിക്കുന്നത് നഗരസഭ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാൽ തുക ഈടാക്കുന്നത് ഒഴിവാക്കണമെന്നും നാവിക അക്കാദമിയെ ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയിൽ മേൽപാലം നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് കഴിഞ്ഞ ജൂലൈയിൽ പാലക്കാട് ദക്ഷിണ റെയിൽവേക്ക് കത്ത് നൽകിയത്.
റെയിൽവേ പോളിസി പ്രകാരം മെയിന്റനൻസ് ചാർജ് ഈടാക്കുന്നത് ഒഴിവാക്കാൻ സാധിക്കില്ലെന്നും മേൽപ്പാലം നിർമിക്കുന്നതിനും ഈ രീതിയിൽ തുക ഒടുക്കേണ്ടതാണെന്നും റെയിൽവേ മറുപടിയിൽ വ്യക്തമാക്കി. മേൽ വ്യവസ്ഥ അംഗീകരിച്ചുള്ള സമ്മതപത്രം ലഭ്യമാകുന്നമുറക്ക് മേൽപാലം നിർമിക്കുന്നതിനുള്ള തുടർനടപടി സ്വീകരിക്കുന്നതാണെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
നഗരസഭ ഇതുവരെ റെയിൽവേക്ക് അടച്ചത് അഞ്ചു കോടിയിലേറെയാണ്. അരനൂറ്റാണ്ട് മുമ്പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ജനകീയ താൽപര്യം പരിഗണിച്ച് റെയിൽവേയുമായി ഉണ്ടാക്കിയ കരാറാണ് നഗരസഭക്ക് വൻ ബാധ്യതയായി മാറിയത്. നടപ്പു സാമ്പത്തിക വർഷം ലെവൽ ക്രോസ് മെയിന്റനൻസ് ഇനത്തിൽ 27,63,508 രൂപ അടക്കുന്നതിനാണ് റെയിൽവേ പാലക്കാട് ഡിവിഷൻ നഗരസഭക്ക് നോട്ടീസ് നൽകിയത്.ഇതടക്കുകയും ചെയ്തു.
59 വർഷം മുമ്പ് 1964ൽ രാമന്തളി, കുന്നരു തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ പയ്യന്നൂരിലേക്ക് വരാനും തിരിച്ചു പോകുവാനും കല്ലേറ്റുംകടവിലെ കടത്ത് തോണിയെയാണ് ആശ്രയിച്ചിരുന്നത്. പയ്യന്നൂരിൽ കണ്ടങ്കാളി റോഡ് വഴിയാണ് സാധനങ്ങളും മറ്റും കൊണ്ടു പോയിരുന്നത്. റെയിൽവേ ലൈനിന് സമീപം റോഡ് അവസാനിച്ചിരുന്നതിനാൽ തലച്ചുമടായാണ് സാധനങ്ങൾ കടവിലേക്ക് കൊണ്ട് പോയിരുന്നത്.
ജനങ്ങളുടെ പ്രയാസങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ കാവൽക്കാരനുള്ള റെയിൽവേ ഗേറ്റ് അനുവദിക്കണമെന്ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി റെയിൽവേയോട് ആവശ്യപ്പെടുകയായിരുന്നു. ചെലവ് വഹിക്കാമെങ്കിൽ ലെവൽ ക്രോസ് അനുവദിക്കാമെന്നും വർഷത്തിൽ രണ്ടായിരത്തിൽ താഴെ മാത്രമേ നൽകേണ്ടതുള്ളൂ എന്ന് റെയിൽവേ അറിയിക്കുകയും ചെയ്തു.
തുടർന്ന് പഞ്ചായത്ത് സമ്മതം അറിയിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ നഗരസഭക്ക് ലക്ഷങ്ങൾ ചെലവഴിക്കേണ്ട അവസ്ഥയിലെത്തിച്ചിട്ടുള്ളത്. വർഷങ്ങൾ കഴിയുന്തോറും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കൂടി വരുന്നതിനനുസരിച്ച് റെയിൽവേ ആവശ്യപ്പെടുന്ന തുകയും കൂടി. കഴിഞ്ഞ വർഷം27,11,907 രൂപയാണ് നഗരസഭ നൽകിയത്. അതേ സമയം ആറ് വർഷം മുമ്പ് റെയിൽവേക്ക് നൽകേണ്ടി വന്നത് 11 ലക്ഷത്തോളം രൂപയായിരുന്നു. പണം നൽകിയില്ലെങ്കിൽ ഗേറ്റ് അടച്ചിടുമെന്ന ഭീഷണിക്ക് മുന്നിൽ വർധിച്ച തുക വർഷം തോറും നഗരസഭ റെയിൽവേക്ക് നൽകി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.