പയ്യന്നൂർ: സർക്കാർ ഏറ്റെടുത്തിട്ടും ഒട്ടും ശരിയാകാതെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്. സി.ടി സ്കാന്‍ പണിമുടക്കിയിട്ട് ദിവസങ്ങളായതോടെ ദുരിതത്തിലായി രോഗികള്‍. ദേശീയപാതയോരത്തെ ആതുരാലയത്തിൽ നൂറുകണക്കിന് അപകട കേസുകളാണ് വരുന്നത്. പല കേസുകളിലും സി.ടി സ്കാന്‍ നിർബന്ധമാണ്. യന്ത്രം പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ സ്കാനിങ് സെന്ററുകളെയാണ് ആശ്രയിക്കുന്നത്.
വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതില്‍ കാണിച്ച അലംഭാവമാണ് സി.ടി സ്കാന്‍ യന്ത്രം കേടായതെന്നാണ് വിവരം. ആരോഗ്യ ഇന്‍ഷുറന്‍സും കാരുണ്യ പദ്ധതിയും ഉപയോഗപ്പെടുത്തുന്ന പാവപ്പെട്ട രോഗികളാണ് ഏറെ ബുദ്ധിമുട്ടായത്. മറ്റുള്ളവര്‍ക്കും സ്വകാര്യ സ്കാനിങ് സെന്ററില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ സ്കാനിങ് നടത്താന്‍ സാധിക്കാറുണ്ട്.
ചെറുതാഴത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തന്മാരെ പരിയാരത്തേക്ക് കൊണ്ടുവന്നപ്പോള്‍ സി.ടി സ്കാന്‍ നടത്താന്‍ സ്വകാര്യ സെന്ററിലേക്ക് പോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് നാട്ടില്‍ പോയി ചികിത്സ നടത്താമെന്ന് പറഞ്ഞ് രണ്ടുപേര്‍ നിര്‍ബന്ധ ഡിസ്ചാര്‍ജ് വാങ്ങിപ്പോയത്. ബുധനാഴ്ച അപകടത്തിൽപ്പെട്ട വിദ്യാർഥികളുമായി എത്തിയപ്പോഴും ഇതുതന്നെ സ്ഥിതിയെന്ന് നാട്ടുകാർ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ രോഗികളുമായി എത്തിയാൽ സ്വകാര്യ സ്ഥാപനത്തിലേക്ക് പോകണം. തൊട്ടടുത്ത സ്വകാര്യ സ്ഥാപനത്തിൽ എത്താൻ ആംബുലൻസിന് മിനിമം ചാർജ് കൊടുക്കണം. ഇതും സാധാരണക്കാർക്ക് ഇരുട്ടടിയാവുന്നു. പരിയാരത്ത് തന്നെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കാനിങ് സെന്ററിനെ സഹായിക്കാനാണോ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് നടത്താതെ മെഷീന് കോടാവുന്നതുവരെ കാത്തിരുന്നതെന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നു.
വാഹനാപകടകേസുകളില്‍ എത്തുന്ന രോഗികളെയും സ്കാനിങ് ആവശ്യമുള്ള മറ്റ് രോഗികളെയും ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ അമിതനിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. സ്കാനിങ് മെഷീനിന്റെ കേടായ ഒരു ഉപകരണം ലഭിക്കാനുള്ള കാലതാമസമാണ് അറ്റകുറ്റപ്പണി വൈകാന്‍ കാരണമായതെന്നും പറയുന്നു.
പരാതി ഉയർന്നപ്പോൾ ഉടൻ തന്നെ സ്കാനിങ് മെഷീന് പ്രവര്‍ത്തിപ്പിച്ചു തുടങ്ങുമെന്ന ആശുപത്രി അധികൃതരുടെ വാക്കും ജലരേഖയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.