പയ്യന്നൂർ: ഉടമസ്ഥലവും കെട്ടിടവും ഒഴിഞ്ഞുകൊടുത്തിട്ടും വാടകക്കാർ ഒഴിയാൻ വിസമ്മതിച്ച കെട്ടിടം പൊലീസ് സഹായത്തോടെ റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. കരിവെള്ളൂർ ഓണക്കുന്നിലെ പാത വികസന തടസ്സമാണ് അധികൃതർ യുദ്ധ സന്നാഹത്തോടെയെത്തി നീക്കിയത്.
ചൊവ്വാഴ്ച രാവിലെയാണ് വൻ പൊലീസ് സന്നാഹത്തോടെയെത്തി കടക്കാരെ ബലമായി ഒഴിപ്പിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇരുനില കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു. ഇതോടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ പാത വികസനത്തിന്റെ പ്രധാന തടസ്സം ഇല്ലാതായി. കോടതി വരെയെത്തിയ തർക്ക കെട്ടിടമാണ് പൊളിച്ചുനീക്കിയത്.
ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ സ്ഥലവും കെട്ടിടവും വിട്ടുനൽകിയിരുന്നു. രണ്ടുവർഷം മുമ്പ് ഇതിന്റെ നഷ്ടപരിഹാരവും കൈപ്പറ്റി.
എന്നാൽ, ഇവിടെ കച്ചവടം നടത്തുന്ന മൂന്നു വ്യാപാരികൾ കടകൾ ഒഴിഞ്ഞുപോകാൻ തയാറായില്ല. ഇതോടെ പാതയുടെ സർവിസ് റോഡ് പ്രവൃത്തി നിലയ്ക്കുമെന്ന സ്ഥിതിയായപ്പോഴാണ് അധികൃതർ നിർബന്ധിത ഒഴിപ്പിക്കലിന് തീരുമാനിച്ചത്.
വ്യാപാരികൾ എത്തുന്നതിന് മുമ്പ് രാവിലെ 6.30ന് എത്തിയ ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെ ഒഴിപ്പിച്ചെടുക്കുകയായിരുന്നു.
സർക്കാർ ധനസഹായമായ 75,000 രൂപ വീതം വാങ്ങി ഒഴിഞ്ഞുപോകാൻ കടക്കാർ തയാറായില്ലെന്നു പറയുന്നു. കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി കടക്കാരോട് നിവേദനം നൽകാൻ നിർദേശം നൽകിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
തളിപ്പറമ്പ് ദേശീയപാത വിഭാഗം തഹസിൽദാർ സി.കെ. ഷാജിയുടെ നേതൃത്വത്തിലായിരുന്നു നടപടി. സൂപ്രണ്ട് കെ.പി. പോൾ, റവന്യൂ ഇൻസ്പെക്ടർ എം.പി. ജയരാജൻ, ദേശീയപാത ഉദ്യോഗസ്ഥരായ പ്രേമരാജൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വൻ പൊലീസ് സേനയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.