പയ്യന്നൂര്‍: തട്ടിപ്പുകാർ ഓൺലൈനിൽ വിരിച്ച വലയിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെടുന്ന വാർത്ത പതിവാകുന്നു. ഒരാഴ്ചക്കിടെ ജില്ലയിൽ 65 ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. ഒ.ടി.പി പങ്കുവെച്ചും ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്തും യുവാക്കൾക്ക് നാലുലക്ഷത്തോളം രൂപ നഷ്ടമായ സംഭവങ്ങളിൽ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു.
ഇത്തരം വാർത്തകൾ ദിനേന മാധ്യമങ്ങൾ ആഘോഷിക്കുമ്പോഴും പഠിക്കാതെ വലയിൽ വീഴുന്നത് അഭ്യസ്തവിദ്യരായ മലയാളികളാണ്. പയ്യന്നൂരിൽ അര ഡസനോളം ഓൺലൈൻ തട്ടിപ്പിനെതിരെ പരാതി ലഭിക്കുകയും അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടെയാണ് യുവാവിന് പതിനൊന്നര ലക്ഷം നഷ്ടപ്പെട്ട പരാതി കഴിഞ്ഞ ദിവസം പയ്യന്നൂർ പൊലീസിന് ലഭിക്കുന്നത്. നാട്ടിൽ കവർച്ചയും ഇതര പരാതികളും വർധിക്കുന്നതിനിടയിലാണ് ഓൺലൈൻ തട്ടിപ്പ് കേസുകൾ കൂടി വരുന്നത്. ഇത് പൊലീസിന് കടുത്ത തലവേദനയാവുകയാണ്. ഏതാനും മാസം മുമ്പ് പയ്യന്നൂരിലും പരിസരങ്ങളിലുമായി ഓൺലൈൻ സൈറ്റ് ലിങ്കിലൂടെ ലക്ഷങ്ങൾ തട്ടിയതായുള്ള പരാതിയിൽ അന്വേഷണം നടക്കുകയാണ്.
നാലു പേരിൽ നിന്ന് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. കോറോം സ്വദേശിക്ക് 29 ലക്ഷം നഷ്ടപ്പെട്ടതായാണ് പരാതി ഉണ്ടായത്. ടെലഗ്രാം ആപ് മുഖേന ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്താണത്രെ തുക കൈക്കലാക്കിയത്. തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ഐ.ടി വകുപ്പ് ഉൾപ്പെടെ ചേർത്താണ് കേസെടുത്തത്. കോത്തായിമുക്ക് സ്വദേശിനിയുടെ പരാതിയിലും കേസെടുത്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഓൺലൈൻ ഇൻഫോസിസ് അനലിസ്റ്റായി ജോലി വാഗ്ദാനം നൽകി 2,80,000 രൂപ വാങ്ങി വഞ്ചിച്ചതായാണ് പരാതി.
ഓഹരി വിപണിയിൽ നിക്ഷേപിച്ച് കൂടുതൽ പണം സമ്പാദിക്കാമെന്ന ഫേസ്ബുക്ക് പരസ്യത്തിലെ നമ്പറിൽ ബന്ധപ്പെട്ട പ്രവാസിക്ക് കഴിഞ്ഞദിവസം 41.90 ലക്ഷം രൂപയാണ് നഷ്ടമായത്. കൂടുതൽ പണം സമ്പാദിക്കാനാകുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് ക്രസറ്റ് അസറ്റ് മാനേജ്മെന്റ് എൽ.എൽ.സി എന്ന കമ്പനിയുടമ കാർത്തികേയൻ ഗണേശനെതിരെ ഇദ്ദേഹം ടൗൺ പൊലീസിൽ പരാതി നൽകി. പയ്യന്നൂരിലെ മറ്റൊരു യുവാവിൽ നിന്ന് ജോലി വാഗ്ദാനം നൽകി 1,40,000 രൂപയും വെള്ളൂർ സ്വദേശിയിൽ നിന്ന് 90,000 രൂപയുമാണ് തട്ടിപ്പിലൂടെ കൈക്കലാക്കിയത്. ടെലഗ്രാം ആപ് വഴിയാണ് അന്ന് പയ്യന്നൂരിലെ യുവാവിന് പണം നഷ്ടമായത്.
ഫ്രീലാൻസ് ജോലി വാഗ്ദാനത്തിലൂടെയായിരുന്നു തട്ടിപ്പ്. വെള്ളൂർ സ്വദേശി പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് 1000 രൂപ അയച്ചിരുന്നു. പിന്നീട് ഇയാൾ അറിയാതെ അക്കൗണ്ടിൽ നിന്ന് 90,000 രൂപ പിൻവലിച്ചതായാണ് പരാതി. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ട്. ചെറുതാഴത്തും ചന്തപ്പുരയിലും കുറുവയിലുമുള്ളവർക്കാണ് പണം നഷ്ടപ്പെട്ടത്.
ഓൺലൈൻ പ്ലാറ്റ് ഫോം വഴി പരിചയപ്പെടുന്നവരെ അമിതമായി വിശ്വസിക്കാതിരിക്കുക. പണം നൽകുന്നതിന് മുമ്പ് ഇത്തരം സ്ഥാപനങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം. ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ് ലൈനിൽ നമ്പറിൽ ബന്ധപ്പെടുണം. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.