പയ്യന്നൂർ: കത്തുന്ന മീനച്ചൂടിൽ വലഞ്ഞ് നാട്. പകൽചൂടിലാകട്ടെ വയലേലകളും വരണ്ടുണങ്ങുന്നു. വേനൽമഴ കുറഞ്ഞതാണ് കണ്ണൂരിലെ വയലേലകൾ പോലും കരിഞ്ഞുണങ്ങാൻ കാരണമായത്. സംസ്ഥാനത്ത് ഈ വർഷത്തെ വേനൽ മഴയുടെ കുറവ് ശരാശരി 39 ശതമാനമാണെങ്കിൽ കണ്ണൂരിൽ അത് 100 ശതമാനമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിലെ മലയോര മേഖലകളിൽ പോലും ഇക്കുറി വേനൽമഴ ഉണ്ടായില്ല.
മുൻ വർഷങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭിച്ച പ്രദേശങ്ങളെല്ലാം ഇക്കുറി മഴയില്ലാതെ വരളുകയാണ്. മിക്കയിടത്തും ചാറ്റൽ മഴ പോലും ഉണ്ടായില്ല.
കരപ്രദേശങ്ങൾ താണ്ടിയെത്തുന്ന ജലാംശം കുറഞ്ഞതും വരണ്ടതുമായ വടക്കുകിഴക്കൻ കാറ്റ് താപനില ഉയരുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
വൻതോതിലുള്ള വനനശീകരണവും ഇടനാടൻ ചെങ്കൽക്കുന്നുകൾ ഇടിച്ചുനിരത്തുന്നതും പശ്ചിമഘട്ടങ്ങളിലെ അനിയന്ത്രിത ചെങ്കൽ ക്വാറികളും ഇടനാട്ടിലെയും തീരപ്രദേശങ്ങളിലെയും വരൾച്ചക്ക് ആക്കം കൂട്ടുന്നതായി പരിസ്ഥിതി പ്രവർത്തകരും പറയുന്നു. കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ വള്ളിവളപ്പിൻമൂല പാടശേഖരത്തിലെ മിക്ക വയലുകളും വരണ്ട് വിണ്ടുകീറിയ നിലയിലാണ്.
മുൻകാലങ്ങളിൽ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ പോലും വെള്ളം കെട്ടിനിന്നിരുന്നു. ഈ വയലുകൾ ചൂടുകൊണ്ട് വിണ്ടുകീറിയ നിലയിലാണ്. കനത്ത പകൽ ച്ചൂട് കാരണം നെല്ല് കൊയ്യാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. മിക്ക പാടശേഖരങ്ങളിലും കൊയ്യാൻ ബാക്കിയുണ്ട്.
വയലോരങ്ങളിലെ തോടുകൾ വറ്റിവരണ്ടതോടെയാണ് വയലുകളിലെ ഈർപ്പം ഗണ്യമായി കുറഞ്ഞത്. മുൻകാലങ്ങളിൽ വേനൽമഴ ലഭിക്കാറുണ്ട്. ഇക്കുറി വേനൽമഴ ലഭിക്കാത്തതും തുലാവർഷം കുറഞ്ഞതും വരൾച്ച കൂടാൻ കാരണമായതായി കൃഷിക്കാർ പറയുന്നു.
രണ്ടാംവിള കൊയ്തശേഷം വയലിൽ പയർ വർഗങ്ങളും വെള്ളരിയും കൃഷി ചെയ്യാറുണ്ട്. എന്നാൽ, വയൽ വരണ്ടുണങ്ങിയതോടെ ഈ കൃഷികൾ ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. പാടങ്ങളിലെ നഷ്ടക്കകണക്കിനേക്കാൾ ഭീകരമാണ് നാണ്യവിളകളുടെ നാശം.
മിക്ക പ്രദേശങ്ങളിലും വെള്ളമില്ലാത്തതിനാൽ നനക്കാൻ സാധിക്കുന്നില്ല. കവുങ്ങ്, തെങ്ങ്, കുരുമുളക് കൃഷികൾ ഉണങ്ങി നശിക്കുകയാണെന്ന് കർഷകർ പറയുന്നു. ചൂടുകൂടിയതോടെ റബർ ടാപ്പിങ് നിർത്തിയത് റബർ കൃഷിക്കാർക്കും തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.