പയ്യന്നൂർ: മനുഷ്യനുചുറ്റും നടക്കുന്ന കാഴ്ചകളുടെ മാനസിക തലങ്ങളുടെ ലോഹശിൽപാവിഷ്കാരമായ 'ദ വേൾഡ് ഓഫ് മെറ്റൽസ്' ഏകാംഗ ശിൽപപ്രദർശനം കലാരംഗത്തെ വേറിട്ട സർഗസഞ്ചാരമാവുന്നു. ശിൽപിയും ചിത്രകാരനുമായ ചിത്രൻ കുഞ്ഞിമംഗലത്തിന്റെ പ്രദർശനമാണ് ശിൽപകലയിൽ വേറിട്ട വഴി തീർക്കുന്നത്. കേരള ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി പയ്യന്നൂർ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനമാണ് പ്രേക്ഷകശ്രദ്ധയാകർഷിക്കുന്നത്. വെങ്കലം, ചെമ്പ്, ഇരുമ്പ് തുടങ്ങിയ മാധ്യമങ്ങളിലാണ് നിർമാണം നടത്തിയത്.
പഴയ കാലഘട്ടങ്ങളിൽനിന്നും മനുഷ്യ ജീവിതം എങ്ങനെ മാറിയിരിക്കുന്നു, അവർ ഉപയോഗിക്കുന്ന വസ്തുക്കൾ എപ്രകാരം മാറിയിരിക്കുന്നു എന്നത് ഈ ലോഹ കാഴ്ചയിലൂടെ വായിക്കാം. സർച്ചിങ്, ട്രാൻസ്ഫോർമേഷൻ, പ്രതിഷ്ഠ, ഫോഗ് അൺലിമിറ്റഡ് സ്പേസ് തുടങ്ങിയ നിരവധി ശിൽപങ്ങൾ പ്രദർശനത്തിനായുണ്ട്.
'ഫോഗ്' ശിൽപത്തിൽ വാഹനങ്ങളിൽ നിന്നും വരുന്ന പുകയാണ് പ്രമേയം. വെങ്കലം, ചെമ്പ്, ഇരുമ്പ് തുടങ്ങിയ മാധ്യമങ്ങളിലാണ് ഇത് അനാവരണം ചെയ്തത്. സർച്ച് ശിൽപം മൊബൈൽ യുഗത്തിലെ വിവിധ മാനസിക തലങ്ങൾ അന്വേഷിക്കുന്നു. ഇത് വെങ്കലത്തിലും ചെമ്പിലും കാണാം. ട്രാൻസ്ഫോർമേഷനിൽ വാഹനങ്ങളാൽ ചുറ്റപ്പെട്ട മനുഷ്യന്റെ പ്രതീകവും അൺലിമിറ്റഡ് സ്പേസിൽ സ്ഥലങ്ങളുടെ മാറ്റവും കാണാം. ഇവ പൂർണമായും വെങ്കലത്തിലാണ് ചെയ്തിരിക്കുന്നത്.
കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശിൽപങ്ങൾ ചെയ്ത് ശ്രദ്ധേയനാണ് ചിത്രൻ.
യു.എ.ഇയിൽ ആദ്യത്തെ മഹാത്മാഗാന്ധി ശിൽപം നിർമിച്ച് ജനശ്രദ്ധ നേടി. മഹാത്മാഗാന്ധി, എ.കെ.ജി, ഇ.എം.എസ്, ആലക്കോട് രാജ, കെ. കേളപ്പൻ, സഞ്ജയൻ, മറഡോണ, ധനരാജ്, ഇമ്പിച്ചിബാവ തുടങ്ങി നിരവധി ശിൽപങ്ങൾ തീർത്തു. കേരള ഫോക്ലോർ അക്കാദമി അവാർഡ്, കേരള ക്ഷേത്രകല അക്കാദമി അവാർഡ്, സി.എഫ് ദേശീയ അവാർഡ് തുടങ്ങിയവ നേടിയിരുന്നു. പാർലമെന്റിൽ എ.കെ.ജിയുടെ ശിൽപം നിർമിച്ച ശിൽപി കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററുടെ മകനും കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാധ്യാപകനുമാണ്.
കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്ത പ്രദർശനം വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.