പയ്യന്നൂർ: തെക്കടവൻ തറവാട്ടു മുറ്റത്ത് കുണ്ടോർ ചാമുണ്ഡി ഉറഞ്ഞാടി. ഇനിയുള്ള ദിനങ്ങളിൽ തെയ്യക്കാവുകൾ കാൽ ചിലമ്പൊലികളാൽ മുഖരിതമാകും. തോറ്റംപാട്ടുകൾ നിറഞ്ഞ് രാവും പകലും ഭക്തിസാന്ദ്രമാകും. വീണ്ടുമൊരു കളിയാട്ടക്കാലത്തിന് വെള്ളിയാഴ്ചയാണ് തുടക്കമിട്ടത്. തുലാം പത്തിനാണ് ഉത്തര കേരളത്തിൽ തെയ്യക്കാലത്തിന് ആരംഭം കുറിക്കുന്നതെങ്കിലും പയ്യന്നൂരിലെ തറവാട്ട് ക്ഷേത്രങ്ങളിൽ തുലാം ഒന്നിനു തന്നെ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങും.
പയ്യന്നൂർ തെക്കെ മമ്പലം തെക്കടവൻ തറവാട്ടിൽ തുലാം ഒന്നിനും രണ്ടിനുമാണ് പുത്തരി കളിയാട്ടം. രണ്ടു ദിവസങ്ങളിലായി കുണ്ടോർ ചാമുണ്ഡി, മോന്തിക്കോലം, കുറത്തിയമ്മ, കൂടെയുള്ളോർ എന്നീ തെയ്യങ്ങൾ കെട്ടിയാടി. ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ചു. രാത്രിയോടെ മോന്തിക്കോലവും കുറത്തിയമ്മയും തുലാം രണ്ടായ ശനിയാഴ്ച രാവിലെ കുണ്ടോറ ചാമുണ്ഡിയും കൂടെയുള്ളോരും അരങ്ങിലെത്തി.
തുടർ ദിവസങ്ങളിൽ പയ്യന്നൂരിലെയും പരിസരങ്ങളിലെയും തറവാടുകളിൽ തെയ്യങ്ങൾ ചുവടുവെക്കും. കൊറ്റി ആദി കണ്ണങ്ങാടുമായി ബന്ധപ്പെട്ട പിലാങ്കു, കൂത്തൂർ, പുളുക്കൂൽ തറവാടുകളിൽ അടുത്തടുത്ത ദിവസങ്ങളിൽ കളിയാട്ടം നടക്കും. തെക്കടവൻ തറവാട്ടിൽ വേലൻ സമുദായത്തിൽപ്പെട്ടവരാണ് കോലധാരികൾ. ആദ്യ കളിയാട്ടത്തിന് ശേഷം തുടർന്നുവരുന്ന തറവാട് കളിയാട്ടങ്ങളിലും ഇവർ തന്നെ കെട്ടിയാടും. വണ്ണാൻ, മലയ, വേല സമുദായങ്ങളാണ് പ്രധാനമായും കോലധാരികൾ.
ഇതിൽ വണ്ണാൻ സമുദായത്തിനാണ് പ്രധാന ദേവതമാരെ കെട്ടിയാടാനുള്ള നിയോഗം. ഇതു കഴിഞ്ഞാൽ മലയ സുദായവും. എന്നാൽ, ഇവർ രണ്ടു സമുദായവും ഇല്ലാതെ വേല സമുദായമാണ് പയ്യന്നൂരിൽ കളിയാട്ടത്തിന് തുടക്കം കുറിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.