പഴയങ്ങാടി: സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച തീരദേശ പരിപാലന പദ്ധതിക്ക് അംഗീകാരം ലഭ്യമായതോടെ മാട്ടൂൽ പഞ്ചായത്തിൽ വീടു നിർമാണങ്ങൾക്കുള്ള തടസ്സം നീങ്ങിയ സമാധാനത്തിലാണ് പഞ്ചായത്ത് നിവാസികൾ.
2011ലെ തീരദേശ പരിപാലന നിയമത്തിന്റെ തുടർച്ചയിൽ 2019ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതിക്ക് ദേശീയ തീരദേശ മേഖല മാനേജ്മെന്റ് അതോറിറ്റി യോഗത്തിന്റെ അംഗീകാരം ലഭ്യമായി.
ഇതോടെ സംസ്ഥാനത്തെ 66 പഞ്ചായത്തുകളിലാണ് കെട്ടിട നിർമാണത്തിന്റെ തടസ്സം നീങ്ങിയത്. 66 പഞ്ചായത്തുകളിൽ സംസ്ഥാനത്തെ ഒരു പഞ്ചായത്തിനോടും സമാനതയില്ലാത്ത ഭൂപ്രകൃതിയുള്ള മാട്ടൂൽ പഞ്ചായത്ത് ഇടം നേടി. അഴിക്കോട്, ചെറുകുന്ന്, ചിറക്കൽ, ചൊക്ലി, കല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, ന്യൂ മാഹി, പാപ്പിനിശ്ശേരി, രാമന്തളി, വളപട്ടണം എന്നീ പഞ്ചായത്തുകൾക്കാണ് ജില്ലയിൽ ഇളവ് ലഭ്യമായത്.
തീരദേശ പരിപാലന നിയമത്തിന്റെ കുരുക്കിൽ മാട്ടൂൽ പഞ്ചായത്തിന്റെ തീരദേശ മേഖലകളിലെ 280 വീടുകൾക്ക് സ്ഥിരം വീട്ടുനമ്പർ നൽകാനാവാത്ത അവസ്ഥയിലായിരുന്നു.
7.5 കി. മീറ്ററോളം കടൽത്തീരവും 25.16 കി.മീറ്റർ വേലിയേറ്റ ബാധിത പുഴയും ഇതര ജലാശയങ്ങളുമുൾപ്പെടുന്ന ഭൂപ്രകൃതിയാണ് മാട്ടൂൽ പഞ്ചായത്തിനുള്ളത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട 7.6 കി.മീറ്റർ ദൈർഘ്യവും ഒരു കി.മീറ്റർ വീതിയുമുള്ള ദ്വീപു സമാനമായ ഭൂപ്രദേശങ്ങളാണ് മാട്ടൂൽ പഞ്ചായത്തിലെ രണ്ടു വാർഡുകളായ തെക്കുമ്പാടും മടക്കരയും.
മാട്ടൂൽ പഞ്ചായത്തിന്റെ വിസ്തൃതിയിൽ ഗണ്യമായ ഭാഗം തീരദേശ നിയന്ത്രണ പരിധിയിലും ഏതാനും മേഖലകൾ വയലും അവശേഷിക്കുന്നവ ചതുപ്പു നിലങ്ങളായി ക്ലാസിഫിക്കേഷനിൽ അടയാളപ്പെടുത്തിയതുമായതിനാൽ നിവാസികൾക്ക് സ്വന്തം പഞ്ചായത്തിൽ വീടുനിർമാണമടക്കുള്ള കെട്ടിട പ്രവർത്തനങ്ങൾ അസാധ്യമായിരുന്നു.
തീരദേശപരിപാലന നിയമത്തിൽ പുന:പരിശോധന നടത്തി നഗരവത്കരണ സാധ്യത, ജനസാന്ദ്രത എന്നിവ പരിഗണിച്ച് മാട്ടൂൽ പഞ്ചായത്തിനെ സി. ആർ.സെഡ് രണ്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് 2019ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പ്രസിഡന്റ് കെ.വി. മുഹമ്മദലി മുഖ്യമന്ത്രിക്കും കോസ്റ്റൽ സോൺ മാനേജ്മെന്റിനും നിവേദനം നൽകിയിരുന്നു.
പ്രസിഡന്റ് കെ. ഫാരിഷയുടെ നേതൃത്വത്തിലുള്ള മാട്ടൂൽ പഞ്ചായത്തിന്റെ നിലവിലെ ഭരണസമിതി ഇളവുകൾക്കായി പ്രവർത്തനം തുടരവേ 2011ലെ സെൻസസനുസരിച്ച് 2161ൽ കൂടുതലുള്ള ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ കടലോര പഞ്ചായത്തുകൾക്കുള്ള ഇളവിന്റെ ബലത്തിൽ മാട്ടൂൽ പഞ്ചായത്തിന് പട്ടികയിൽ ഉൾപ്പെടുത്തി ഇളവ് ലഭ്യമാവുകയായിയിരുന്നു.
കടലിലെയും പുഴയിലെയും വേലിയേറ്റ രേഖകളിൽനിന്ന് കരയിലേക്കുള്ള 50 മീറ്റർ പരിധിക്ക് പുറത്തായും പഞ്ചായത്തിലെ തെക്കുമ്പാട്, മടക്കര ദ്വീപുകളിൽ നോൺ ഡെവലപ്മെന്റ് സോൺ 50 മീറ്ററിൽനിന്ന് 20 മീറ്ററായി കുറഞ്ഞുമുള്ള നിർമാണ പ്രവൃത്തിയുടെ അനുമതിക്കർഹമാകുന്ന മേഖലയായി മാറ്റപ്പെട്ടിട്ടുണ്ട്.
2022ലെ കരട് ഉത്തരവിൽ മാട്ടൂൽ പഞ്ചായത്തിനെ സി.ആർ.സെഡ് രണ്ടിൽ പെടുത്തിയതോടെ മുനിസിപ്പാലിറ്റി, കോർപറേഷൻ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള കെട്ടിട നിർമാണ നിയമങ്ങളാണ് മാട്ടൂൽ പഞ്ചായത്തിൽ ബാധമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.