പഴയങ്ങാടി: ഏഴു പതിറ്റാണ്ടുമുമ്പ് സിംഗപ്പൂരിലേക്ക് കപ്പൽ കയറിയ മാട്ടൂൽ സ്വദേശി പി.കെ. കോയക്കുട്ടിക്ക് ഇത്തവണ ജന്മനാട്ടിൽ ഇമ്മിണി ബല്യ ബലിപെരുന്നാൾ. എസ്.എസ്.എൽ.സി പഠനം പൂർത്തീകരിച്ചതിന് ശേഷം മാട്ടൂലിൽനിന്ന് 1952ൽ തൊഴിൽ തേടി സിംഗപ്പൂരിലെത്തിയതായിരുന്നു കോയക്കുട്ടി. നാട്ടിൽനിന്ന് വിവാഹിതനായി മലേഷ്യൻ പൗരത്വം സ്വീകരിച്ച് കുടുംബ സമേതം മലേഷ്യയിലെ പെറ്റലിങ് ജയയിൽ താമസിച്ചുവരുകയാണ് ഇദ്ദേഹം. ഇൻഷുറൻസ് കമ്പനി ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിക്കുകയും മലേഷ്യയുടെ കേന്ദ്ര ബാങ്കിൽനിന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി പിരിയുകയും ചെയ്തു. ഇദ്ദേഹം മലേഷ്യയിൽ സ്ഥാപിച്ചതാണ് ഐ.ബി.ടി, അദർപ്രസ് പ്രസാധനാലയങ്ങൾ.
അമേരിക്ക, ആസ്ട്രേലിയയടക്കമുള്ള രാജ്യങ്ങളിലെ ഇംഗ്ലീഷ് ബെസ്റ്റ് സെല്ലർ പ്രസാധകരാണ് ഐ.ബി.ടിയും അദർ ബുക്സും. പി.കെ. കോയക്കുട്ടി ആറുദിവസം മുമ്പാണ് ക്വലാലംപൂരിൽനിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. കോഴിക്കോട് സർവകലാശാല അറബി പഠന വകുപ്പ് സ്വീകരണവും ഉപഹാരവും നൽകിയാണ് ഇദ്ദേഹത്തെ വരവേറ്റത്. സ്വന്തം ജന്മഗ്രാമമായ മാട്ടൂലിൽ 72 വർഷത്തിനുശേഷം പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹം സ്ഥലമായ സായൂജ്യത്തിലാണ് പി.കെ. കോയക്കുട്ടി. 90കഴിഞ്ഞ കോയ ഹാജിയുടെ സാന്നിധ്യത്തിൽ തറവാട് കുടുംബങ്ങളെല്ലാം ചേർന്ന് കുടുംബ സംഗമമൊരുക്കി.
തറവാട് കുടുംബമായ പടിഞ്ഞാറെ പീടികയിൽ കളത്തിൽ എന്ന പി.കെ തറവാടും താവഴികളും ശാഖകളും കണ്ണികളായി മാട്ടൂലിൽ സംഘടിപ്പിച്ച പി.കെ കുടുംബസംഗമത്തിൽ പങ്കെടുത്തത്ത് 300ലേറെ പേർ. ഇംഗ്ലീഷ് വിജ്ഞാന ശാഖ, ഇസ്ലാമിക സാഹിത്യം, പുസ്തക പ്രസിദ്ധീകരണം, മലേഷ്യൻ വിശേഷങ്ങൾ തുടങ്ങിയവ ഉറ്റവർ അദ്ദേഹത്തോടാരാഞ്ഞു. അദ്ദേഹത്തോടൊപ്പം ചിത്രമെടുത്തും കുടുംബസംഗമത്തിന്റെ മുദ്രണമായി ഉപഹാരം നൽകിയും സംഗമത്തിൽ സംബന്ധിച്ചവർക്കും ഇത് മറക്കാനാവാത്ത അനുഭവമായി. പി.കെ. കോയക്കുട്ടി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
പി.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് സാജിദ് നിർദേശങ്ങൾ നൽകി. മഹമുദ് വാടിക്കൽ, എ.കെ. അബ്ദുൽ റശീദ്, മൃദുൽ ഹാസ്, പി.കെ. സാലിമ, അൻഷിദ ജബീൻ എന്നിവർ സംസാരിച്ചു. ഐ.ബി.ഡി ഡയറക്ടർ യൂസുഫ് സുൽത്താൻ (ക്വലാലംപൂർ) സംബന്ധിച്ചു. പി.കെ. അഹമ്മദ് ഫാറൂഖ് സ്വാഗതവും സി.കെ. അബ്ദുൽജബ്ബാർ നന്ദിയും പറഞ്ഞു. ഐമ നിസാർ ഖുർആൻ പ്രാരംഭം പാരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.