പഴയങ്ങാടി: ജലഗതാഗതത്തിന് അനന്തസാധ്യതയുള്ള മേഖലയിൽ ബോട്ടുജെട്ടികളുടെ പണി പൂർത്തീകരിച്ച് മൂന്നര വർഷം പിന്നിടുമ്പോഴും സർവിസ് നടത്താൻ ആവശ്യത്തിന് ബോട്ടുകളില്ല. ടൂറിസം സാധ്യതകൾ മുന്നിൽ കണ്ടും യാത്രബോട്ടുകൾ ലക്ഷ്യമിട്ടും കോടികൾ ചെലവഴിച്ച് നിർമിച്ച ബോട്ടുജെട്ടികളാണ് വെറുതെയായത്. മേഖലയിൽ എട്ടോളം ബോട്ടുജെട്ടികൾ പൂർണമായോ ഭാഗികമായോ പണി പൂർത്തീകരിച്ചവയാണ്.
അതിവേഗ യാത്ര ലക്ഷ്യമിട്ടുള്ള റെയിൽ പദ്ധതികൾ എതിർക്കപ്പെടുകയും വിവാദത്തിലാവുകയും ചെയ്യുമ്പോഴും ജലഗതാഗത മേഖല പൂർണമായി അവഗണിക്കപ്പെടുകയാണ്.പറശ്ശിനിക്കടവ് -മാട്ടൂൽ -പഴയങ്ങാടി, കുപ്പം ജലപാത 1960 കളിൽ വിജയകരമായി ഗതാഗതത്തിനുപയോഗിച്ച മേഖലയാണ്. പറശ്ശിനിക്കടവ് മുതൽ ചപ്പാരപ്പടവ് വരെ ദിനം പ്രതി ആറിലേറെ ബോട്ടുകൾ അന്ന് സർവിസ് നടത്തിയിരുന്നു. അക്കാലങ്ങളിൽ അതിവേഗ ഗതാഗതത്തിനുപയുക്തമായ ബോട്ടുകളില്ലെങ്കിലും ആളുകൾ മുഖ്യമായും ജലഗതാഗതത്തെ തന്നെയായിരുന്നു ആശ്രയിച്ചിരുന്നത്.
സുൽത്താൻ തോട് നവീകരണത്തെത്തുടർന്ന് ജലഗതാഗത സാധ്യതകൾ മുന്നിൽ കണ്ട് മാട്ടൂലിൽ നിന്ന് സുൽത്താൻ തോട് വഴി 32 തുരുത്തുകളെ ബന്ധിപ്പിച്ച് രണ്ടരപ്പതിറ്റാണ്ടു മുമ്പ് ബോട്ട് സർവിസുകൾ പുനരാരംഭിച്ചെങ്കിലും സുൽത്താൻ തോടിന്റെ കരയിടിച്ചിലും ബോട്ടുകൾക്ക് സമയ കൃത്യത പാലിക്കാനാവാത്തതും ജലഗതാഗത മേഖലക്ക് വിനയായതോടെ സർക്കാർ പദ്ധതി കൈയൊഴിഞ്ഞു. മംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് അതിവേഗ ബോട്ട് സർവിസുകളും അന്ന് സർക്കാർ ലക്ഷ്യമിട്ടെങ്കിലും പദ്ധതി ഫലം കണ്ടില്ല.എന്നാൽ, പഴയങ്ങാടി പുഴ കേന്ദ്രീകരിച്ച് ജല ഗതാഗതത്തോടൊപ്പം ടൂറിസം ലക്ഷ്യമായെടുത്ത് പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചതിന്റെ ഭാഗമായാണ് പഴയങ്ങാടിയിൽ അത്യന്താധുനിക രീതിയിൽ ബോട്ട് ടെർമിനൽ നിർമിച്ചത്. മൂന്നുകോടി രൂപയാണ് പഴയങ്ങാടി ബോട്ട് ടെർമിനലിന് മാത്രം സർക്കാർ അനുവദിച്ചത്.
100 മീറ്റർ ദൈർഘ്യവും 40 മീറ്റർ നടപ്പാതയും 60 മീറ്ററിൽ നാല് ബോട്ടുകൾ കരക്കടുപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയാണ് പഴയങ്ങാടി ബോട്ട് ടെർമിനലിന്റെ നിർമാണം പൂർത്തീകരിച്ചത്. സൗരോർജ വിളക്കുകൾ, ഇരിപ്പിടം എന്നിവ സജ്ജീകരിച്ച ബോട്ട് ടെർമിനലിനെ കരിങ്കൽ പാകിയ തൂണുകളും കൈവരികളും കേരളീയ തനിമയിൽ നിർമിച്ച മേൽക്കൂരയും ആകർഷകമാക്കുന്നു. പണി പൂർത്തീകരിച്ചതിനു ശേഷം കോവിഡും ലോക്ഡൗണും ഉയർത്തിയ പ്രതിസന്ധിയിൽ ഒരുവർഷം കഴിഞ്ഞാണ് 2021 ഒക്ടോബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചത്.
സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ മൈനർ ബോട്ട് ടെർമിനൽ, മടക്കര -പട്ടുവം മേജർ ബോട്ട് ടെർമിനൽ, മുതുകുട ബോട്ടുജെട്ടി, തെക്കുമ്പാട് മേജർ ബോട്ട് ടെർമിനൽ, താവം ബോട്ടുജെട്ടി, മാട്ടൂൽ സൗത്ത് മൈനർ ബോട്ട് ടെർമിനൽ, മാട്ടൂൽ നോർത്ത്, വാടിക്കൽ, ചെറുകുന്നിലെ പഴങ്ങോട്, മുട്ടിൽ ബോട്ടുജെട്ടികളിൽ പലതും നിർമാണത്തിന്റെ അന്തിമഘട്ടത്തിലാണ്.
കോടികൾ ചെലവഴിച്ച് നിർമിച്ച ബോട്ടുജെട്ടികൾ നോക്കുകുത്തികളാവാതെ ഫലപ്രദമാവണമെങ്കിൽ ബോട്ടുകൾ ഉടൻ സർവിസ് നടത്തണം. ജലഗതാഗതത്തിന് പ്രാമുഖ്യം നൽകി ഹൃസ്വദൂര ബോട്ടുകളും ദീർഘദൂര അതിവേഗ ബോട്ടുകളും സർവിസ് നടത്താനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.