പഴയങ്ങാടി (കണ്ണൂർ): ജീവൻ മുറുകെപിടിച്ച് രാവും പകലും ബങ്കറുകളിൽ തള്ളിനീക്കുകയാണ് മലയാളി വിദ്യാർഥികൾ. പ്രാഥമികാവശ്യങ്ങൾക്കും മറ്റുമായി ബങ്കറിൽ നിന്ന് പുറത്തു കടക്കാനൊരുങ്ങിയപ്പോൾ അടുത്ത ഷെല്ലാക്രമണത്തിന്റെ മുന്നറിയിപ്പായി സൈറൺ മുഴങ്ങുന്നു. വീണ്ടും ബങ്കറിലേക്ക് തിരിഞ്ഞോടുന്നു. ഇതാണ് ഇപ്പോൾ യുക്രെയ്നിൽ വൈദ്യ പഠനത്തിനെത്തിയ നൂറുകണക്കിനു മലയാളി വിദ്യാർഥികളുടെ ദയനീയാവസ്ഥ. കെട്ടിടങ്ങൾക്കുള്ള പൈപ്പ് ലൈനുകൾക്ക് വേണ്ടിയും മാലിന്യ ശേഖരത്തിനുമായി നിർമിച്ച അന്തർഭാഗ അറകളാണ് ബങ്കറുകളായി പരിവർത്തിപ്പിച്ച് വിദ്യാർഥികളെ താമസിപ്പിക്കുന്നത്. നിന്നുതിരിയാനിടമില്ലാത്തതാണ് പലതും. കാർകിവിലെ മൂന്ന് ബങ്കറുകളിൽ മാത്രം കഴിഞ്ഞ മൂന്ന് ദിന-രാത്രങ്ങളിലായി ആയിരത്തോളം മലയാളി വിദ്യാർഥികളാണ് തിങ്ങിഞെരുങ്ങി കഴിയുന്നത്. ഒറ്റ ബങ്കറിൽ തന്നെ മുന്നൂറിലധികം വിദ്യാർഥികളാണുള്ളത്.
അത്യാവശ്യത്തിനു ശേഖരിച്ചു വെച്ച ഭക്ഷ്യവസ്തുക്കളും വെള്ളവും തീരാറായെന്നും നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച് വ്യക്തതകളൊന്നുമില്ലാത്തത് ഭയവും ആശങ്കയും വർധിപ്പിക്കുകയാണെന്ന് എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥി ഹിദാഷും സഹവിദ്യാർഥികളും ഫോണിൽ മാധ്യമത്തോട് പങ്കു വെച്ചു.
പഴയങ്ങാടി സ്വദേശി ഇട്ടാൽ ശരീഫ്- ടി.വി. ഫാത്തിബി ദമ്പതികളുടെ മകനാണ് ഫിദാഷ്, ഫിദാഷിന്റെ പിതൃസഹോദരൻ മൻസൂർ-ബാവുവളപ്പിൽ ഷംസീന ദമ്പതികളുടെ മകൾ ഫാത്തിമത്ത് ഷസ, എ.വി. അബ്ദുൽ റശീദ്-റശീദ ദമ്പതികളുടെ മകൾ ഫിസ റശ എന്നിവർ ഒരുമിച്ചാണ് കഴിഞ്ഞ ഡിസംബർ 11ന് 120 പേരടങ്ങുന്ന വിദ്യാർഥി സംഘത്തോടൊപ്പം എം.ബി.ബി.എസ് പഠനത്തിന് യുക്രെയ്നിയത്തിയത്. വി.എൻ. കറാസിൻ, കെ.എൻ.എം.യു യൂനിവേഴ്സിറ്റികളിലാണ് മലയാളി വിദ്യാർഥികളിൽ ഭൂരിഭാഗവും പഠിക്കുന്നത്. ഒന്നാം വർഷ ക്ലാസുകൾ തുടങ്ങി രണ്ട് മാസം പിന്നിട്ടതോടെയാണ് യുദ്ധം ആരംഭിച്ചത്. വ്യാഴാഴ്ച വരെ ഓൺലൈനിൽ പഠനം തുടർന്നതായി വിദ്യാർഥികൾ പറഞ്ഞു. ക്ലാസില്ലെന്ന വിവരം വെള്ളിയാഴ്ച മറ്റു വിശദീകരണങ്ങളില്ലാതെ അധികൃതർ നൽകുകയായിരുന്നു.
യുദ്ധം ആരംഭിച്ചതോടെ ഹോസ്റ്റലുകളിൽ നിന്നും വിദ്യാർഥികളെ ബങ്കറുകളിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമികാവശ്യങ്ങൾക്കോ മറ്റ് അടിയന്തിര കാര്യങ്ങൾക്കും ആദ്യ ദിവസം ഹോസ്റ്റലിനെ ആശ്രയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മൂന്നു ദിവസമായി ഷെല്ലാക്രമണം വ്യാപകമായതിനാൽ ബങ്കറിൽ തന്നെ കഴിയുകയാണ്.
യുക്രെയിനിലെ അതിശൈത്യവും വിനയായിട്ടുണ്ട്. കരുതി വെച്ച ഭക്ഷണ സാധനങ്ങളും വെള്ളവും രണ്ടു ദിവസത്തേക്ക് കൂടിയുള്ളതാണ് അവശേഷിക്കുന്നത്. ഷെഡ്യൂളനുസരിച്ചുള്ള ഭക്ഷണം, തങ്ങളെ എത്തിച്ച ഏജൻറ്സ് വിതരണം ചെയ്യുന്നുണ്ടെങ്കിലും യുദ്ധസാഹചര്യത്തിൽ സാധനങ്ങളുടെ ദൗർലഭ്യം ഇവയെ എങ്ങിനെ ബാധിക്കുമെന്നും ആശങ്ക പടർത്തുന്നു.
കടകൾ അടഞ്ഞു കിടക്കുന്നു. കാർ കിവിൽ പൊതുഗതാഗതം നിലച്ചിരിക്കയാണ്. എ.ടി.എം കൗണ്ടറുകളിൽ ഇന്ത്യയുടെതടക്കമുള്ള ഇൻറർനാഷനൽ എ.ടി.എം കാർഡുകൾ വഴിയുള്ള വിനിമയമൊന്നും നടക്കാത്തതും ദുരിതം ഇരട്ടിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.