പഴയങ്ങാടി: ടൗൺ റോഡിന്റെ പരിമിതി, റെയിൽവേ അടിപ്പാലത്തിലെ കുരുക്ക്, കെ.എസ്.ടി.പി പാതയോരത്തെ പാർക്കിങ്, വഴിവാണിഭം തുടങ്ങിയ പ്രതികൂലാവസ്ഥയിൽ രൂക്ഷമായ ഗതാഗത കുരുക്കനുഭവപ്പെടുന്ന പഴയങ്ങാടിയിൽ ഗതാഗത പ്രശ്ന പരിഹാരത്തിനായി പൊലീസിന്റെയും പഞ്ചായത്തധികൃതരുടെയും നേതൃത്വത്തിൽ യോഗം ചേർന്നു.
മേഖലയിൽ ഗതാഗതം ദുസ്സഹമായതിനാൽ പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാർ കണ്ണൂർ റൂറൽ എസ്.പിക്ക് നേരത്തേ പരാതി നൽകിയിരുന്നു.
മാടായി, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പൊലീസ് അധികാരികൾ, ഓട്ടോതൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, വ്യാപാര സംഘടന പ്രതിനിധികൾ, റോട്ടറി ക്ലബ് ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പാതയോരത്തെ പാർക്കിങ് കർശനമായി നിരോധിക്കാൻ ധാരണയായി.
റോഡിന്റെ വശങ്ങൾ കൈയേറി നടത്തുന്ന കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. പഴയങ്ങാടി ബസ് സ്റ്റാൻഡിലേക്ക് നിർദിഷ്ട വഴിയിലൂടെ മാത്രം ബസുകൾ പ്രവേശിപ്പിക്കുന്നതിനും റെയിൽവേ അടിപ്പാതക്ക് സമീപം പൊലീസിനെ വിന്യസിക്കാനും സംവിധാനം ഏർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ചരക്കു ലോറികൾ ചരക്കിറക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തണമെന്നും പഴയങ്ങാടി ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കാനും യോഗം തീരുമാനിച്ചു.
ഏഴോം, മാടായി പഞ്ചായത്തുകളുടെ സഹകരണത്തോടെ കെ.എസ്.ടി.പി റോഡിന്റെ ഇരുവശത്തും നോ പാർക്കിങ് ബോർഡ് സ്ഥാപിക്കും. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, പഴയങ്ങാടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എൻ.കെ. സത്യനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂനിറ്റ് പ്രസിഡന്റ് പി.വി. അബ്ദുല്ല, സെക്രട്ടറി ഇ.പി. പ്രമോദ്, പഴയങ്ങാടി പൊലീസ് പി.ആർ.ഒ കെ. അനിൽകുമാർ, പഴയങ്ങാടി പൊലീസ് റൈറ്റർ എസ്.കെ. പ്രകാശൻ, എസ്.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.