പേരാവൂർ: ആന മതിൽ നിർമാണത്തിന്റെ മറവിൽ ആറളം വന്യജീവി സങ്കേതത്തിനുളളിലെ 17 മരങ്ങൾ മുറിച്ചു. വനാതിർത്തി കൃത്യമായി നിർണയിക്കാതെ മരം മുറിക്കാൻ അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ആറളം വൈൽഡ് ലൈഫ് വാർഡൻ, അസി. വൈൽഡ് ലൈഫ് വാർഡൻ, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. തേക്ക് ഉൾപ്പെടെയുള്ള മരങ്ങളാണ് സർവേ നടത്താതെ മുറിക്കാൻ അനുവദിച്ചത്. കഴിഞ്ഞ മാർച്ചിൽ ആറളം ഫാം പത്താം ബ്ലോക്കിൽ നിന്ന് വനം വകുപ്പിന് ലഭിച്ച പരാതിയിലാണ് അന്വേഷണം. വനം വിജിലൻസാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയാണ് ഉദ്യോഗസ്ഥ വീഴ്ച ആദ്യം കണ്ടെത്തിയത്.
പട്ടിക വർഗവകുപ്പിന്റെ സ്ഥലത്താണ് ആനമതിൽ നിർമിക്കുന്നത്. ഇത് കടന്നുപോകുന്നത് വന്യജീവി സങ്കേതത്തിന്റെ അതിരിലായതിനാൽ മുറിക്കേണ്ട മരങ്ങളുടെ കണക്കെടുക്കാൻ സംയുക്ത പരിശോധന കഴിഞ്ഞ വർഷം ജൂണിൽ നടത്തിയിരുന്നു. അഞ്ച് കിലോമീറ്റർ നീളത്തിലുളള പഴയ ആന മതിലാണ് ഉദ്യോഗസ്ഥർ അതിരായി കണക്കാക്കിയത്. ജണ്ടകളുൾപ്പെടെ കാടുകയറിയ സ്ഥലമാണ് ഇവിടം. പട്ടിക വർഗ വകുപ്പ് കരാർ നൽകിയവരാണ് മരം മുറിച്ചത്. പരാതി ഉയർന്നപ്പോൾ കേസാവുകയും കരാറെടുത്ത എസ്.ടി പ്രമോട്ടറും തൊഴിലാളികളും പ്രതികളാവുകയും മരങ്ങൾ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വനം വകുപ്പ് മിനി സർവേ സംഘത്തിന്റെ സഹായം തേടുകയോ കൃത്യമായ അതിർത്തി നിശ്ചയിക്കുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തൽ. വന്യജീവി സങ്കേതത്തിലെ ജീവനക്കാർ മരങ്ങൾ അടയാളപ്പെടുത്തുന്ന പരിശോധനയിൽ മുഴുവൻ സമയവും പങ്കെടുത്തിരുന്നില്ല. മരം മുറിച്ച സംഭവത്തിൽ തുടരന്വേഷണമുണ്ടാകുമെന്നാണ് വനം അധികൃതർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.