മലപ്പുറം: കാടുമൂടിക്കിടന്നിരുന്ന ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തെ എം.എസ്.പി ബാച്ചിലർ ക്വാർട്ടേഴ്സിൽ ചെന്നാൽ ആരുടെയും കണ്ണുകളുടക്കുക ആ കൃഷിത്തോട്ടത്തിലാണ്. ബുധനാഴ്ച രാവിലെ മരിച്ച എം.എസ്.പി എസ്.ഐ എ. മനോജ് കുമാറിെൻറ വിയർപ്പിൽ കിളിർത്തതാണവ.
പക്ഷേ, വിളവെടുപ്പിനൊന്നും കാത്തുനിൽക്കാതെ തോട്ടക്കാരൻ പോയി. ക്വാർട്ടേഴ്സ് വരാന്തയിൽ മൺവെട്ടിയും പിക്കാസും ബൂട്ടും കൈയുറയും ഷൂസുകളും ബൈക്കുമൊക്കെ അനാഥമായി കിടക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ 11 ഓടെയാണ് എം.എസ്.പി ക്വാർട്ടേഴ്സിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സഹപ്രവർത്തകരെല്ലാവരും ഞെട്ടലിലാണ്. ജീവൻ അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പും അദ്ദേഹം നട്ട തെങ്ങിൻ തൈകൾ വളപ്പിൽ കാണാം. ചൊവ്വാഴ്ച രാവിലെ നട്ട തൈക്ക് മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പും വെള്ളമൊഴിച്ചു. ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായിരുന്ന ഇവിടെ പലതരത്തിലുള്ള കൃഷിയാണ് അദ്ദേഹം ഒരുക്കിയത്.
പാറപ്പുറമായിരുന്ന ക്വാർട്ടേഴ്സിെൻറ വടക്കുഭാഗത്ത് മണ്ണിട്ട ശേഷം കപ്പക്കൃഷിയായിരുന്നു ആദ്യം. പിന്നീട് നെല്ല്, മഞ്ഞൾ, ഇഞ്ചി, റമ്പൂട്ടാൻ, കുരുമുളക്, മല്ലി എന്നിവയും കൃഷി ചെയ്തു. രണ്ട് വർഷം മുമ്പ് എം.എസ്.പിയിൽ എത്തിയ മനോജ് കുമാർ കൃഷിയിൽ അതീവ തൽപരനായിരുന്നെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.
എം.എസ്.പി ബംഗ്ലാവിലെ കൃഷിനടത്തിപ്പിെൻറ ചുമതലയും അദ്ദേഹത്തിനായിരുന്നു. സഹപ്രവർത്തകരോട് നല്ല രീതിയിൽ പെരുമാറുകയും എത്ര സമയത്തെ ഡ്യൂട്ടിയും പരാതിയില്ലാതെ ഏറ്റെടുക്കുകയും ചെയ്തിരുന്ന സഹപ്രവർത്തകനെയാണ് നഷ്ടമായതെന്ന് എസ്.ഐ ബോസ്കോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.