കണ്ണൂർ: ക്വാറി, ക്രഷർ ഉൽപന്നങ്ങൾക്ക് അനിയന്ത്രിതമായി വില വർധിക്കുന്നതിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഗവ. കോൺട്രാക്ടർമാർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ജില്ലയിൽ ക്വാറി, ക്രഷർ ഉടമകൾ ക്വാറി, ക്രഷർ ഉൽപന്നങ്ങൾക്ക് നവംബർ ഒന്നു മുതൽ വർധിപ്പിച്ച വില പിൻവലിക്കണമൊാവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്.
നേരത്തേ വില വർധിപ്പിച്ച ഘട്ടത്തിൽ ഗവ. കരാറുകാരുടെ സംഘടനകൾ, യുവജന സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ശക്തമായ സമരം സംഘടിപ്പിച്ചിരുന്നു. ഇതേതുടർന്ന് ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരം വർധിപ്പിച്ച വിലയിൽ നിന്ന് നിശ്ചിത തുക കുറക്കാൻ തയാറായി. ചർച്ചയുടെ തീരുമാനമെന്ന നിലയിൽ കലക്ടറുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട സംഘടനകൾ ഉൾപ്പെടെ ആലോചിച്ചു മാത്രമേ തുടർന്ന് വില വർധിപ്പിക്കാൻ പാടുള്ളൂവെന്ന തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോൾ ഉടമകൾ വില വർധിപ്പിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷൻ അഭിപ്രായപ്പെട്ടു.
2018ലെ ഷെഡ്യൂൾ നിരക്ക് ഉപയോഗിച്ചാണ് പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ എസ്റ്റിമേറ്റ് തയാറാക്കുന്നത്. മെറ്റീരിയലുകൾക്ക് നിരന്തരം വില വർധിപ്പിക്കുന്നതിലൂടെ നിലവിൽ ഏറ്റെടുത്ത പ്രവൃത്തികൾ പൂർത്തിയാക്കാനോ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാനോ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി. ശശിധരൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. കൃഷ്ണൻ, സംസ്ഥാന സെന്റർ കമ്മിറ്റി അംഗം പി.എം. ഉണ്ണികൃഷ്ണൻ, സന്തോഷ് മാവില, വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ. വിജയൻ സ്വാഗതവും കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.