കണ്ണൂർ: ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള പ്രാദേശിക പ്രശ്നങ്ങൾ പരിഗണിക്കാമെന്ന് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) അധികൃതരുടെ ഉറപ്പ്. എൻ.എച്ച് -66 വികസനം സംബന്ധിച്ച് ജില്ല കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക തലത്തിൽ ഉയരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റി തയാറാകണമെന്ന് ജില്ലയിലെ എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. കലക്ടറുടെ ചേംബറിലും തത്സമയം ഓൺലൈനിലുമായാണ് യോഗം ചേർന്നത്.
ഹൈവേ വികസനത്തി െന്റ ഭാഗമായി പാപ്പിനിശ്ശേരി സി.എച്ച്.സി -പാറക്കൽ റോഡിൽ ബോക്സ് കലുങ്ക് സ്ഥാപിക്കണമെന്ന് കെ.വി. സുമേഷ് എം.എൽ.എ ആവശ്യപ്പെട്ടു. പയ്യന്നൂർ മേഖലയിലെ വെള്ളൂർ രാമൻകുളം സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ ആവശ്യപ്പെട്ടു. മണക്കാട് കരിവെള്ളൂർ കോറോം റോഡിൽ ചെറുവാഹനങ്ങൾക്കുള്ള അടിപ്പാതയും പയ്യന്നൂർ മണിയറ റോഡിൽ അടിപ്പാതയും നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾ പരിഗണിക്കാമെന്ന് എൻ.എച്ച്.എ.ഐ അധിക്യതർ ഉറപ്പുനൽകി. എം.എൽ.എമാരായ കെ.പി. മോഹനൻ, സജീവ് ജോസഫ് എന്നിവർ ചേംബറിലും രാമചന്ദ്രൻ കടന്നപ്പള്ളി, എം. വിജിൻ എന്നിവർ ഓൺലൈനായും സംബന്ധിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.