ശ്രീകണ്ഠപുരം: മലകളെല്ലാം മത്സരിച്ച് ഇടിച്ച് നിരത്തുമ്പോൾ കുടിയേറ്റ മലമടക്കുഗ്രാമങ്ങൾ ഉരുൾപൊട്ടൽ ഭീതിയിലാണ്. വയനാട് ദുരന്തഭീതി കൂടിയായതോടെ തങ്ങൾക്ക് ഉറക്കമില്ലാതായെന്ന് ഇവിടത്തെ സാധാരണക്കാരായ കർഷകർ പറയുന്നു.
മുൻകാലങ്ങളിൽ കാലവർഷത്തിൽ ഉരുൾപൊട്ടലും പ്രളയവും വൻ ദുരന്തമൊരുക്കിയിട്ടും അതിലൊന്നും പാഠം പഠിക്കാത്തവരാണ് മലകൾ ഇടിച്ച് തീർക്കാൻ മത്സരിക്കുന്നത്. ജില്ലയിലെ പരിസ്ഥിതി ദുർബല പ്രദേശമായ മലകളാണ് ഏറെയും കരിങ്കൽ ക്വാറി മാഫിയ തകർക്കുന്നത്. ശ്രീകണ്ഠപുരം നഗരസഭ പരിധിയിലെ കരയത്തുംചാൽ, കോറങ്ങോട് മഞ്ഞളാംകുന്ന്, ചേപ്പറമ്പ് എന്നിവയും പയ്യാവൂർ, ഏരുവേശ്ശി, ഉളിക്കൽ, ഇരിട്ടി, പേരാവൂർ, അയ്യങ്കുന്ന് ,ആലക്കോട്, പരപ്പ, നടുവിൽ ,ചെറുപുഴ മേഖലകളിലുമെല്ലാം കൂറ്റൻ മലകൾ ഇന്ന് ക്വാറി ലോബികൾ ൈകയടക്കിയിരിക്കുകയാണ്. വൻതോതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറകൾ പൊട്ടിച്ച് കടത്തുന്നതിനാൽ മലകൾക്ക് വിള്ളൽ സംഭവിക്കുന്നുണ്ട്. ഇത് കനത്ത മഴയിൽ ഉരുൾപൊട്ടലിന് വഴിയൊരുക്കുകയാണ്. പേരിന് ലൈസൻസെടുത്ത് ക്വാറി നടത്തുന്നവരും രേഖകളൊന്നുമില്ലാതെ ക്വാറി നടത്തുന്നവരുമുണ്ട്. പലയിടത്തും അനധികൃത ക്വാറികളായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിനെതിരെ പരിസ്ഥിതി സംഘടനകളും മറ്റും വീണ്ടും രംഗത്തു വന്നിട്ടുണ്ട്. ക്വാറികളിൽ നിയമം ലംഘിച്ച് വൻ സ്ഫോടകശേഖര ഉപയോഗവും നടത്തുന്നുണ്ട്. ക്വാറികളിലെ വെടിമരുന്നുപയോഗവും വൻ ശബ്ദവും മലയെ തകർക്കുന്നതോടൊപ്പം സമീപത്തെ വീടുകൾക്കും വിള്ളലുണ്ടാക്കുന്നുണ്ട്.
കുട്ടികൾക്കും പ്രായമായവർക്കും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. ശ്രീകണ്ഠപുരം മേഖലയിലും കരയത്തുംചാലിലും ഏരുവേശ്ശിയിലെ അരീക്കാമലയിലുമെല്ലാം വലിയ മലകൾ ഏറെയും ഇടിച്ച് തീരാറായി. ക്വാറികളിലെ സ്ഫോടനം മൂലം പലയിടത്തും ജനജീവിതം ദുരിതക്കയത്തിലാണ്. ചിലർ വീടും സ്ഥലവും ക്വാറിക്കാർക്ക് തന്നെ വിറ്റൊഴിയേണ്ടിയും വന്നു.
വർഷങ്ങളായി ഉരുൾപൊട്ടലടക്കമുള്ള ദുരന്തങ്ങൾ പതിവായ മലമടക്കുഗ്രാമങ്ങളിൽ മലകൾ കവർന്നെടുക്കുന്നവർക്ക് അധികൃതർ ഒത്താശ ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചു. പലയിടത്തും ആക്ഷൻ കമ്മറ്റികളുണ്ടെങ്കിലും അവയെ ദുർബലപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്. കരയത്തുംചാൽ, ഞണ്ണമല, ചേപ്പറമ്പ് ആലോറക്കുന്ന് എന്നിവിടങ്ങളിൽ മലകളും പാറകളും ഏറെക്കുറേ ഇല്ലാതായിരിക്കയാണ്. ക്വാറി പ്രദേശങ്ങളിൽ ഇത്തവണ വേനലിൽ കടുത്ത ജലക്ഷാമമാണനുഭവപ്പെട്ടത്. മഴക്കാലത്ത് ഉരുൾപൊട്ടലും ദുരിതങ്ങളും വേറെ. ഒട്ടേറെ പരാതികൾ നൽകിയിട്ടും അധികൃതർ പലരും അനധികൃത ക്വാറികൾക്ക് കൂട്ടുനിൽക്കുമ്പോൾ ഇനിയെന്ത് ചെയ്യണമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്കെല്ലാം വേണ്ടുന്ന തുക കിട്ടുന്നതിനാൽ മലകളെല്ലാം തീർന്നാലും പ്രശ്നമില്ലെന്ന നിലപാടിലാണ് അവരെന്നും ജനങ്ങൾ പറഞ്ഞു.
ശ്രീകണ്ഠപുരം: ജില്ലയിൽ ഉരുൾപൊട്ടൽ ഭീഷണിപ്രദേശങ്ങളിൽ മാത്രം 28 ലധികം ക്വാറികൾ പ്രവർത്തിക്കുന്നതായി ദുരന്തനിവാരണ അതോറിറ്റിയുടെ മുൻ വർഷത്തെ കണക്ക്. കനത്ത മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാകുന്ന സാഹചര്യത്തിലാണ് അധികൃതർ നേരത്തെ പരിശോധന നടത്തിയിരുന്നത്.
നിടിയേങ്ങ വില്ലേജിൽ എട്ട് ക്വാറികളും തൃപ്രങ്ങോട്ടൂര്‍ വില്ലേജില്‍ ഏഴ് ക്വാറികളും വെള്ളാട് വില്ലേജില്‍ മൂന്ന് ക്വാറികളും, പയ്യാവൂര്‍ വില്ലേജില്‍ രണ്ട് ക്വാറികളും ആലക്കോട്, ഏരുവേശി, കുറ്റൂര്‍, പെരിങ്ങോം, തിരുമേനി, തോലമ്പ്ര, വയക്കര, വയത്തൂര് വില്ലേജുകളില്‍ ഓരോന്ന് വീതവും ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് 2021 ൽ തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ദുരന്തനിവാരണ അതോറിറ്റിയുടെ മാപ്പിലും ഇക്കാര്യം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്. ജില്ലയില്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ കണക്കുപ്രകാരം 65 ലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 28 എണ്ണമാണ് അപകടമേഖലയില്‍ സ്ഥിതി ചെയ്യുന്നത്. 26 ക്വാറികളില്‍ 12 എണ്ണം കുറഞ്ഞ കാലത്തേക്ക് മാത്രം അനുമതി നേടിയവയായിരുന്നു. 53 എണ്ണം ലീസിന് വാങ്ങിയ ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി ക്വാറികള്‍ അനുമതിക്കായി അപേക്ഷ നൽകിയതായും വിവരമുണ്ട്. . പെരിങ്ങോം വില്ലേജില്‍ രണ്ട് ക്വാറികളും തൃപ്രങ്ങോട്ടൂര്‍ വില്ലേജിലെ ഏതാനും ക്വാറികളും നേരത്തെ ജനകീയ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. മറ്റ് പല ക്വാറികൾക്കെതിരെയും പ്രദേശവാസികൾ പരാതി നൽകുകയും സമരം നടത്തുകയും ചെയ്തിരുന്നു. ക്വാറികൾ പ്രവർത്തിക്കുന്ന മലമടക്കു ഗ്രാമങ്ങളിലുള്ളവർ നിലവിൽ ഉരുൾപൊട്ടൽ ഭീതിയിലാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.