ശ്രീകണ്ഠപുരം: ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ഭൂരഹിത ഭവനരഹിത പട്ടികവർഗ കുടുംബങ്ങൾക്കായി ‘ഗ്രീൻ വില്ല’ അംബേദ്കർ സ്മാർട്ട് ഊര് എന്ന പേരിൽ വീടുകൾ നിർമിക്കുന്നു. ലൈഫ് പദ്ധതിയുമായി സഹകരിച്ചാണ് വീടുകളൊരുക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വലിയപറമ്പിലുള്ള 40 സെന്റിലാണ് ഏഴ് വീടുകൾ നിർമിക്കുന്നത്.
ലൈഫ് പദ്ധതിയിൽ നിന്നും മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത കുടുംബങ്ങളാണ് ഇവിടെ താമസിക്കുക.ഏഴ് വീടുകളുടെയും 90 ശതമാനം നിർമാണവും പൂർത്തിയായി. തറയിൽ ടൈൽസ് വിരിക്കുന്ന പണികളാണ് നിലവിൽ നടക്കുന്നത്. ഇതിനുശേഷം വൈദ്യുതി കണക്ഷനും എടുത്ത് ഉടൻ തന്നെ താക്കോൽ കൈമാറാനാണ് അധികൃതരുടെ ശ്രമം.
ഒരു കോടിയിലധികം ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ആറ് ലക്ഷം രൂപയിലധികം ഒാരോ വീടിനും ചെലവഴിച്ചിട്ടുണ്ട്. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും സിറ്റൗട്ടും അടങ്ങുന്ന വീടുകളാണ് നിർമിച്ചത്. കഴിഞ്ഞ ഏപ്രിലിൽ സജീവ് ജോസഫ് എം.എൽ.എയാണ് പദ്ധതിയിലെ ആദ്യവില്ലയുടെ കട്ടിളവെപ്പ് നടത്തിയത്. ഇവിടെ ചുറ്റുമതിലും ഗേറ്റും കുടിവെള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഗ്രീൻ വില്ലയിലേക്കുള്ള റോഡ് ഇന്റർലോക്ക് ചെയ്യാനുള്ള പദ്ധതിയുടെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.
എം.പി ഫണ്ടുപയോഗിച്ച് ഗ്രീൻവില്ലകളോടൊപ്പം സാംസ്കാരിക നിലയവും ഇവിടെ ഒരുക്കുന്നുണ്ട്. വീടുകളുടെ പണി പൂർത്തിയാക്കി താക്കോൽ കൈമാറിയതിനു ശേഷമാണ് സാംസ്കാരിക നിലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങുക.
സാംസ്കാരിക നിലയത്തിനായി 25 ലക്ഷം രൂപ കെ. സുധാകരൻ എം.പി അനുവദിച്ചിട്ടുണ്ട്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി ഒമ്പത് ലക്ഷം രൂപയും ചുറ്റുമതിലും ഗേറ്റും നിർമിക്കുന്നതിനായി 10 ലക്ഷം രൂപയും എം.പി ഫണ്ടിൽ നിന്ന് വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതികളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.