ശ്രീകണ്ഠപുരം: പത്താം ക്ലാസിൽ വെച്ചുതന്നെ വലിയ കണ്ടുപിടിത്തം നടത്തി ഐ.ടി മേഖലയിൽ തിളങ്ങുകയാണ് രണ്ട് വിദ്യാർഥികൾ. കൊച്ചി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിൽ നടത്തിയ ഹാക്കത്തോണിലാണ് 10ാം ക്ലാസുകാരുടെ സ്റ്റാർട്ടപ്പിന് ഒന്നാം സ്ഥാനം ലഭിച്ചത്.
കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ചെങ്ങളായിയിലെ ശ്രാവൺ നാരായണൻ, കാസർകോട് കുറ്റിക്കോൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെ. ശ്രീനന്ദ് എന്നിവരുടെ സ്റ്റാർട്ടപ്പിനാണ് ഒന്നാം സ്ഥാനം നേടിയത്.
കമ്പ്യൂട്ടർ കോഡിങ് പരിശീലനത്തിനും വെബ് സൈറ്റ് നിർമാണത്തിനുമായുള്ള കോഡ് കേവ് മീഡിയ എന്ന സ്റ്റാർട്ടപ്പ് തുടങ്ങിയാണ് ഇവർ സംരംഭകരായത്. ഓൺലൈൻ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
യു.എ.ഇ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, ഫിൻലൻഡ് എന്നിവിടങ്ങളിലുള്ളവർക്ക് ഇവർ നിലവിൽ സേവനം നൽകുന്നു. കൊച്ചിയിൽ നടന്ന ഹാക്കത്തോണിൽ 50 പേരാണ് പങ്കെടുത്തത്. ടാൽ റോപ്പിന്റെ എജുക്കേഷനൽ സ്റ്റാർട്ടപ്പായ സ്റ്റെയിപ്പും ഗ്രോലിയസും ചേർന്നാണ് ഹാക്കത്തോൺ നടത്തിയത്.
മറ്റ് ചില നൂതന ആശയങ്ങളടങ്ങിയ സ്റ്റാർട്ടപ്പുകൾക്കും ഇവർ തുടക്കമിട്ടിട്ടുണ്ട്. ഇതിൽ ആദ്യ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ മാസം തിരുവനന്തപുരത്തെ പഴയകുന്നുമ്മൽ പഞ്ചായത്തിൽ നടന്നു. വാർഡിലുള്ള ജനങ്ങളുടെ പരാതികൾ പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ട് ഫോട്ടോ സഹിതം അറിയിക്കാനുള്ള വെബ് അപ്ലിക്കേഷനായിരുന്നു അത്.
വൈകാതെ ഈ മാതൃക സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രവർത്തികമാക്കാനാകുമെന്ന പ്രതീക്ഷയിലാണിവർ. കണ്ണാടിപ്പറമ്പിലെ വസ്ത്രവ്യാപാരി നാരായണന്റെയും മടമ്പം മേരിലാൻഡ് ഹൈസ്കൂൾ നൃത്താധ്യാപിക സ്മിതയുടെയും മകനാണ് ശ്രാവൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.