പയ്യാവൂർ വഞ്ചിയത്തെത്തിയ ടൂറിസം ഓപറേറ്റർമാരെ സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

മലയോര ദൃശ്യവിസ്മയം ഇനി ലോകമറിയും

ശ്രീകണ്ഠപുരം: ഇരിക്കൂറിന്റെ മണ്ണിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇനി ലോകമറിയും. കാഴ്ചയുടെ നവ്യാനുഭൂതി ആസ്വദിക്കാൻ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തും. കണ്ണൂരിലെ കാഴ്ചയിൽ ഇരിക്കൂറിലെ മലമടക്കുകൾ ഓർമയിൽ മറയാതെ സഞ്ചാരികൾ മനസ്സിൽ കാത്തുവെക്കും. മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു ഡസൻ ടൂർ ഓപറേറ്ററുമാർ വെള്ളിയാഴ്ച മണ്ഡലത്തിലെത്തി.

കൊച്ചിയിൽ അവസാനിച്ച കേരള ടൂറിസം മാർട്ടിൽ വിനോദ സഞ്ചാര വ്യവസായ രംഗത്തുള്ളവരുടെ ശ്രദ്ധ ആകർഷിച്ച ഇരിക്കൂർ പവലിയൻ ഇരിക്കൂറിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയിരുന്നു. ഇരിക്കൂർ മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാനും ഇവിടത്തെ പ്രകൃതിഭംഗി ലോകത്തിനുമുന്നിൽ എത്തിക്കാനും ഈ സംഘത്തിന്റെ സന്ദർശനം വഴിയൊരുക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പൈതൽമല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലാണ് ആദ്യദിനം ഇവർ സന്ദർശിച്ചത്. മറ്റിടങ്ങൾ ശനിയാഴ്ച സന്ദർശിക്കും. ഇതിലൂടെ വരും നാളുകളിൽ ദേശീയ അന്തർദേശീയ ടൂറിസ്റ്റുകളെ ശ്രീകണ്ഠപുരം കേന്ദ്രമായ മലയോര മണ്ണിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇരിക്കൂറിന്റെ ടൂറിസം ഭൂപടത്തിൽ നാഴികക്കല്ലായി ഈ മുന്നേറ്റം മാറുമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു. ടൂർ ഓപറേറ്റർമാരുടെ സംഘത്തെ വഞ്ചിയം റിസോർട്ടിൽ എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ, ഇ.കെ. കുര്യൻ, ജിജി പൂവത്തുംമണ്ണിൽ എന്നിവരും എം.എൽ.എയോടൊപ്പം സന്നിഹിതരായിരുന്നു.


Tags:    
News Summary - kannur tourism destination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.