ശ്രീകണ്ഠപുരം: ‘‘ഒറു കെട്ട് നാറെടുത്തിട്ട് ഇങ്ങനെ കൈക്ക് എട്ടുറുമാറ് കൊഞ്ച് നടണം...’’ -ഇത് മയ്യിൽ പഞ്ചായത്തിലെ കയരളം കരിക്കണ്ടം വയലിൽ ഞാറുനടുന്നവരുടെ വാക്കുകൾ. ഒപ്പം തമിഴ് നാടൻ പാട്ടുകളും. കഴിഞ്ഞ കുറെ ദിനങ്ങളായി ഇവിടത്തെ വയലുകളിൽ നെൽകൃഷിയൊരുക്കുന്നത് തമിഴ്നാട് സേലം കള്ളക്കുറിശ്ശി സ്വദേശികളാണ്. പാണ്ഡ്യൻ, അളമേൽ, പാപ്പാത്തി, പൂങ്കാവനം, ശിവശക്തി, ശക്തിവേൽ, കോയിൽ മണി തുടങ്ങിയവരാണ് ഇവിടെ ഞാറുനടുന്നത്.
കരിക്കണ്ടത്തെ അമ്പലപ്പുറത്ത് പുതിയപുരയിൽ രാജേഷിന്റെ 84 സെന്റ് വയലിലാണ് ഇവർ നെൽകൃഷിപ്പണി നടത്തുന്നത്. ഇവിടത്തെ മറ്റു കർഷകർക്കും ആശ്രയമായത് ഇതേ തൊഴിലാളികൾ. വർഷങ്ങളായി നെൽകൃഷി നടത്തുന്നുണ്ടെങ്കിലും കുറച്ചു കാലമായി തൊഴിലാളികളെ കിട്ടാത്ത അവസ്ഥയായതോടെയാണ് മറുനാടൻ തൊഴിലാളികളെ എത്തിക്കേണ്ടിവന്നതെന്ന് രാജേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. നെൽകൃഷിക്ക് തൊഴിലാളികളെ കിട്ടാനില്ലെന്നും അടിയന്തര പരിഹാരമുണ്ടാക്കണമെന്നും പലതവണ പറഞ്ഞിട്ടും പാടശേഖര സമിതികൾ സഹകരിച്ചില്ല. തൊഴിലുറപ്പ് തൊഴിലാളികളെ പോലും കൃഷിപ്പണിക്ക് അനുവദിച്ചില്ല.
പാടശേഖര സമിതി കർഷകർക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. സബ്സിഡി പോലും നൽകുന്നില്ല. ഇത്തരം സാഹചര്യത്തിലാണ് നെൽകൃഷിക്കായി പണിക്കാരെ തേടിയിറങ്ങിയത്. ജില്ലയുടെ പല ഭാഗങ്ങളിലും അന്വേഷിച്ചപ്പോൾ മിക്ക സ്ഥലങ്ങളിലും മറുനാട്ടുകാരാണ് പണിക്കിറങ്ങുന്നതെന്നറിഞ്ഞു. അങ്ങനെ അവരെ കണ്ട് കരാർ ഉറപ്പിച്ചതിനെത്തുടർന്നാണ് ഞാറുനടാൻ തമിഴ്നാട്ടുകാരെത്തിയതെന്ന് രാജേഷ് പറഞ്ഞു. തളിപ്പറമ്പ് പട്ടുവം വയലിലടക്കം ഇത്തവണ മറുനാടൻ തൊഴിലാളികളാണ് ഞാറുനടാനിറങ്ങിയത്. നല്ല നാട്, നല്ല ശാപ്പാട്, നല്ല കൂലി എന്നുപറഞ്ഞ് തമിഴ് വരികൾ മൂളിക്കൊണ്ട് പാപ്പാത്തിയും സംഘവും വീണ്ടും ഞാറുനടുമ്പോൾ കാണാനായി നിരവധി പേർ വയലിനു സമീപമെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.