ശ്രീകണ്ഠപുരം: കാട്ടുപന്നി ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്ന മലയോര കർഷകർക്ക് ശുഭപ്രതീക്ഷ. പന്നികളെ ഇല്ലാതാക്കാൻ മലയോരത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കൃഷിയിടങ്ങളിൽ ഇനി കർഷക രക്ഷാസേനയെത്തും. കാട്ടുപന്നി ശല്യം കാരണം മലമടക്കുകളിൽ കാർഷിക വിളകളുടെ ഉൽപാദനത്തിൽ വൽതോതിൽ കുറവുണ്ടാവുകയും ഇതോടെ കർഷകർ കൃഷി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കർഷകർക്കനുകൂലമായി സർക്കാർ ഉത്തരവുണ്ടായത്.
നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ച് കൊല്ലുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഹോണററി വൈൽഡ് ലൈഫ് വാർഡനോ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ വനം-വന്യജീവി വകുപ്പിന്റെ നമ്പർ: 11/2023/എഫ് ആൻഡ് വൈൽഡ് ഉത്തരവ് പ്രകാരം സർക്കാർ അനുമതി നൽകിയാണ് ഉത്തരവായത്.
ഇതു പ്രകാരമാണ് ജില്ലയിലെ മലയോരത്തെ തദ്ദേശ സ്ഥാപനങ്ങൾ കർഷക രക്ഷാസേനയെ നിയോഗിച്ചത്. നടുവിൽ പുലിക്കുരുമ്പ സ്വദേശിയായ ബെന്നി മുട്ടത്തിൽ സെക്രട്ടറിയും തോമസ് മേപ്രക്കാവിൽ പ്രസിഡന്റുമായുള്ള 17 അംഗങ്ങളുടെ കൂട്ടായ്മയായ കർഷക രക്ഷാസേനയാണ് നിലവിൽ ജില്ലയിൽ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നി വേട്ടക്കിറങ്ങിയത്. അംഗീകൃത തോക്കുകളും വേട്ടനായ്ക്കളെയും ഉപയോഗിച്ചാണ് ഇവർ പന്നികളെ ഇല്ലാതാക്കുന്നത്.
ഓരോ തദ്ദേശ സ്ഥാപനങ്ങളും യോഗം ചേർന്ന് തീരുമാനെമെടുത്ത് അപേക്ഷ നൽകുന്നതിനനുസരിച്ചാണ് സേന എത്തുക. നിലവിൽ ശ്രീകണ്ഠപുരം നഗരസഭയിലാണ് സേന കാട്ടുപന്നികളെ കൊല്ലുന്നത്. കഴിഞ്ഞ രണ്ടുദിനംകൊണ്ട് ഇവിടെ മാത്രം ഒരു പന്നിയെ വകവരുത്തുകയും എട്ട് പന്നികളെ കാട്ടിലേക്ക് തുരത്തുകയും ചെയ്തതായി നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന പറഞ്ഞു.
ഇതിനോടകം നടുവിൽ, ഉദയഗിരി, മാടായി, മലപ്പട്ടം, മയ്യിൽ, ഏരുവേശ്ശി തുടങ്ങിയ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് അവിടെയെത്തിയ കർഷക രക്ഷാസേന കൃഷി സ്ഥലങ്ങളിലിറങ്ങിയ നിരവധി കാട്ടുപന്നികളെ വെടിവെച്ച് കൊന്നിട്ടുണ്ട്. നടുവിൽ പഞ്ചായത്തിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി ഇവ്വിധം കാട്ടുപന്നികളെ കൊല്ലുന്നത്. കർഷക രക്ഷാസേന രംഗത്തിറങ്ങിയതോടെ വരും നാളുകൾ കുടിയേറ്റ മണ്ണിൽ കർഷക സ്വപ്നങ്ങൾക്ക് നിറമുള്ള രാവുകളുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.