ശ്രീകണ്ഠപുരം: വളക്കൈ -കൊയ്യം വേളം റോഡ് വികസനത്തിനെതിരെ വ്യാപക ആക്ഷേപം. മണ്ണിട്ട ഭാഗത്ത് റോഡ് ഉറക്കുന്നതിന് മുമ്പേ ധൃതി പിടിച്ചാണ് ടാറിങ് നടത്തിയത്. വളക്കൈ ടൗൺ ഭാഗം മുതൽ പാതി ഭാഗം ടാറിങ് നടത്തിയെങ്കിലും ഓടയും നടപ്പാതയും ഒരുക്കിയില്ല. ഇത് ഏറെ ചർച്ചയായിട്ടുണ്ട്. കൂടാതെ ആദ്യഘട്ടം ടാറിങ്ങിൽനിന്ന് ഒഴിവാക്കിയ പാറക്കാടി, കൊയ്യം പ്രദേശങ്ങളിൽ ചെളിപ്രളയമായിരിക്കയാണ്. നാട്ടുകാർക്ക് നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കൊയ്യത്ത് മദ്രസയിൽ പോകുന്ന കുട്ടികൾ ദിനംപ്രതി ചെളിയിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാറക്കാടിയിൽ സ്കൂട്ടി ചെളിയിലേക്ക് മറിഞ്ഞ് വീണ് യാത്രികനും പരിക്കേറ്റു. കൊയ്യത്ത് മഴ തുടങ്ങിയതു മുതൽ ചെളി കാരണം പുറത്തിറങ്ങാൻ കഴിയുന്നില്ല.
വളക്കൈ മുതൽ പാറക്കാടി മില്ല് വരേയും ഇ.എം.എസ് വായനശാല മുതൽ കൊയ്യം ഖാദി വരേയും ആദ്യഘട്ടം മെക്കാഡം ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ ശരിയായ രീതിയിലല്ല പണി നടത്തിയതെന്ന ആക്ഷേപം ശക്തമാണ്. കൃത്യമായി പണി നടത്താത്തതിനെതിരെ വളക്കൈ ചോലക്കുണ്ടത്ത് നാട്ടുകാർ പരസ്യ പ്രതിഷേധ സമരപരിപാടികൾ പോലും നടത്തിയിട്ടും കരാറുകാർ തോന്നിയപോലെ പണി തുടരുകയാണ്. ആദ്യഘട്ടത്തിൽ നിന്ന് ഒഴിച്ചിട്ട ഭാഗങ്ങളിലെല്ലാം ഇപ്പോൾ ചെളി നിറഞ്ഞതോടെ വിദ്യാർഥികളും മറ്റ് യാത്രികരുമെല്ലാം ദുരിതത്തിലായിട്ടുണ്ട്. അശാസ്ത്രീയമായ റോഡ് പണിക്കെതിരെ ഒട്ടേറെ പരാതികൾ ഉയർന്നിട്ടും പൊതുമരാമത്ത് വകുപ്പധികൃതർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടുമില്ല. 8.5 കോടി ചെലവിലാണ് ഇവിടെ റോഡ് നവീകരണം നടക്കുന്നത്. 9.9 കിലോമീറ്റർ ദൂരത്തിൽ 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുവാനാണ് തീരുമാനം. വെള്ളം കയറുന്ന ഭാഗത്ത് റോഡ് ഉയർത്തിയും 10 കലുങ്കുകൾ നിർമിച്ചുമാണ് റോഡ് വികസനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.