തളിപ്പറമ്പ്: മഞ്ഞപ്പിത്ത വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തളിപ്പറമ്പ് ആർ.ഡി.ഒ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ തീരുമാനം. ആർ.ഡി.ഒയുടെ ചേംബറിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും വ്യാപാരി സംഘടന പ്രതിനിധികളും പങ്കെടുത്തു.
കഴിഞ്ഞ മേയിൽ നഗരത്തിലെ ഒരു വ്യാപാര സമുച്ചയത്തിലെ വിവിധ സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്കും ഇവിടങ്ങളിൽ എത്തിയവർക്കും മഞ്ഞപ്പിത്ത ബാധയുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സമുച്ചയത്തിലെ കിണറിൽ രോഗത്തിന് കാരണമായ മാലിന്യം കണ്ടെത്തി. ക്ലോറിനേഷൻ നടത്തി രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിൽ മറ്റു സ്ഥലങ്ങളിൽ രോഗം സ്ഥിരീകരിക്കുകയും വ്യാപിക്കുകയുമുണ്ടായി. നഗരത്തിൽ ശുദ്ധജല വിതരണം നടത്തിയ സ്വകാര്യ ഏജൻസിയുടെ വാഹനത്തിലെ ടാങ്കിൽനിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോൾ മലത്തിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് കുടിവെള്ള വിതരണം തടയുകയും നിയന്ത്രണങ്ങൾ നടപ്പാക്കുകയും ചെയ്തു.
സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുന്നതിനും നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമാണോയെന്ന് വിലയിരുത്തുന്നതിനുമാണ് കലക്ടറുടെ നിർദേശ പ്രകാരം തളിപ്പറമ്പ് ആർ.ഡി.ഒ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു ചേർത്തത്. ഡെപ്യൂട്ടി ഡി.എം.ഒ, തഹസിൽദാർ, മുനിസിപ്പൽ സെക്രട്ടറി, ഭക്ഷ്യസുരക്ഷ അസി. കമീഷണർ, വാട്ടർ അതോറിറ്റി, തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ, വ്യാപാരി, ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് സംഘടന പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.