മാങ്ങാട്ടുപറമ്പ് അമ്മയുംകുഞ്ഞും ആശുപത്രിയിൽ പീഡിയാട്രിക് ഐ.സി.യു, സൗരോർജ പ്ലാന്റ് പ്രവർത്തനം തുടങ്ങി

തളിപ്പറമ്പ്: മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാർ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പീഡിയാട്രിക് ഐ.സി.യു, സൗരോർജ പ്ലാന്റ് എന്നിവയുടെ പ്രവർത്തനം തുടങ്ങി. തളിപ്പറമ്പ് നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ 29.50 ലക്ഷം രൂപ വകയിരുത്തിയാണ് പീഡിയാട്രിക് ഐ.സി.യു സജ്ജമാക്കിയത്. നാല് ഐ.സി.യു കിടക്കകൾ, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ നിർമിച്ച 30 കിലോവാട്ട് ഓൺഗ്രിഡ് സോളാർ പവർ പ്ലാന്റിൽനിന്ന് പ്രതിദിനം 120 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കും.

ഇവയുടെ ഉദ്ഘാടനവും ആശുപത്രി മാസ്റ്റർ പ്ലാൻ പ്രകാശനവും മന്ത്രി എം.വി ഗോവിന്ദൻ നിർവഹിച്ചു. ആശുപത്രി വളർച്ചയുടെ പാതയിലാണെന്നും പൂർണമായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ലക്ഷങ്ങൾ മുടക്കി സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതിന് പകരം ജനങ്ങൾ സർക്കാർ ആശുപത്രികളുമായി കൂടുതൽ അടുക്കണം. പ്രസവ ശുശ്രൂഷക്ക് ഉൾപ്പെടെ പലരും പണം കടംവാങ്ങിയാണ് സ്വകാര്യ ആശുപത്രികളിൽ എത്തുന്നത്. മികച്ച സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികളിലെ സേവനം ഉപയോഗപ്പെടുത്താൻ മടിക്കുകയാണ്. സൗജന്യ ചികിത്സ നേടുന്നത് അഭിമാനക്ഷതമായാണ് ചിലരെങ്കിലും കാണുന്നത്.

ഈ കാഴ്ചപ്പാട് മാറണം. രാജ്യത്ത് ശിശുമരണം, ഗർഭിണികളുടെ മരണം എന്നിവ കുറഞ്ഞ സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളിയുടെ ആയുർദൈർഘ്യം 10 വർഷം കൂടുതലാണ്. ഇത് കേരളത്തിലെ ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്റെ മികവ് കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

25 വർഷത്തേക്ക് ആവശ്യമായ മുഴുവൻ വികസന പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുള്ള മാസ്റ്റർ പ്ലാനാണ് കിറ്റ്‌കോ തയാറാക്കിയത്. ഒമ്പത് നിലകളിലായി സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിവിധ സൂപ്പർ സ്‌പെഷാലിറ്റി ചികിത്സ വിഭാഗങ്ങൾ പ്ലാനിൽ വിഭാവനം ചെയ്തിട്ടുണ്ട്.

ഭരണാനുമതി ലഭിച്ച മഴവെള്ള സംഭരണി, നാല് നിലകളുള്ള കാഷ്വാലിറ്റി-അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക്, അഗ്‌നിസുരക്ഷ സംവിധാനം, സ്റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവയുടെ സ്ഥാനവും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചടങ്ങിൽ ആന്തൂർ നഗരസഭാധ്യക്ഷൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ മുഖ്യാതിഥിയായി. ഡോ. എം. പ്രീത, ഡോ. പി.കെ. അനിൽകുമാർ, സാനു ജോർജ്, സി.എം. കൃഷ്ണൻ, വി.എം. സീന, പി.കെ. മുഹമ്മദ്കുഞ്ഞി, എം.പി. നളിനി, ഇ. കുഞ്ഞിരാമൻ, പി.എൻ. രാജപ്പൻ, ഡോ. സി.കെ. ജീവൻലാൽ, ഡോ. വൈശാഖ് വസന്ത് കുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Pediatric ICU and solar power plant set up at Mangattuparamba Ammayum Kunjum Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.