തളിപ്പറമ്പ്: പുതുതായി നിർമിക്കുന്ന ആറുവരിപ്പാതയുടെ സർവിസ്റോഡിന് ആവശ്യത്തിന് വീതിയില്ലാത്തതും ബസ് ബേ ഇല്ലാത്തതും ഇതുവഴിയുള്ള ഗതാഗതത്തെ തടസ്സപ്പെടുത്തുന്നു.
സർവിസ് റോഡിൽ മിക്കയിടങ്ങളിലും ആവശ്യത്തിന് വീതിയില്ലാത്തതിനാൽ വലിയ ലോറികളേയും ബസുകളേയും മറി കടക്കാൻ സാധിക്കാതെ ലൈറ്റ് വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഇവക്ക് പിറകെ മന്ദഗതിയിൽ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.
കണ്ണൂർ ഭാഗത്തേക്ക് കുറ്റിക്കോൽ മുതൽ വേളാപുരം വരെ സർവിസ് റോഡിലാണ് ഇപ്പോൾ യാത്ര. ഇതിനിടയിൽ ബക്കളം, ധർമശാല, മാങ്ങാട് തുടങ്ങി ഏഴോളം സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകൾ നിലവിലുണ്ട്. ലോക്കൽ ബസുകൾ മിക്കതും ഇവിടെ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് പതിവാണ്.
ഇവിടങ്ങളിലൊന്നും ബസ് ബേ ഇല്ലാത്തതിനാൽ സർവിസ് റോഡിൽ തന്നെയാണ് ബസ് നിർത്തി ആൾക്കാരെ കയറ്റി ഇറക്കുന്നത്. ഈ സമയം മുഴുവൻ പിറകെ വരുന്ന വാഹനങ്ങൾ നിർത്തിയിടേണ്ട അവസ്ഥയാണുള്ളത്. തിരിച്ചുവരുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. പയ്യന്നൂർ ഭാഗത്തേക്കുള്ള റോഡിലും ഇതേ അവസ്ഥ തന്നെയാണ്.
റോഡ് നിർമാണ സമയത്ത് ഏഴ് മീറ്റർ വീതിയിലുള്ള സർവിസ് റോഡും നടപ്പാതയും ഉണ്ടാകുമെന്ന് പറഞ്ഞ് കേട്ടെങ്കിലും ഇവയൊന്നും ഇവിടെ ഇല്ലെന്നതാണ് യാഥാർഥ്യം.
മറ്റു സംസ്ഥാനങ്ങളിലെ സർവിസ് റോഡുകളിൽ ബസുകൾ അടക്കം ഇരുഭാഗത്തേക്കും സർവിസ് നടത്തുമ്പോൾ കേരളത്തിൽ അത് അസാധ്യമാവും. ഉദ്ദേശിക്കുന്ന വേഗതയിൽ ഓടുന്നതിനായി ബസ് ബേകൾക്കെങ്കിലും സ്ഥലം കണ്ടെത്തി നിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.