കണ്ണൂർ: ചാലക്കുന്നിനെയും തോട്ടടയെയും ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപ്പാലത്തിന് ടെൻഡർ. എട്ട് കോടിയാണ് പദ്ധതി ചെലവ്. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഏഴ് കോടിയും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ ഫണ്ടിൽനിന്ന് ഒരുകോടിയും നേരത്തേ റെയിൽവേക്ക് കൈമാറിയിരുന്നു. തുക മുഴുവൻ കൈമാറി മാസങ്ങൾ പിന്നിട്ട സാഹചര്യത്തിൽ ടെൻഡർ നടപടികൾ സ്വീകരിക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ചാല കട്ടിങ്ങിൽനിന്ന് തോട്ടട പോളി ടെക്നിക് കോളജ് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന രീതിയിലാണ് പാലം. പാലമില്ലാത്തതിനാൽ പാളത്തിൽ വിദ്യാർഥികളടക്കം െട്രയിനിടിച്ച് മരിച്ചിരുന്നു. കിഴുത്തള്ളി ഓവുപാലത്തിന് സമീപം കഴിഞ്ഞ വർഷം ഐ.ടി.ഐ വിദ്യാർഥിനി പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചിരുന്നു. ചാലക്കുന്നിൽ പാളത്തിന് വലിയ വളവുള്ളതിനാൽ ട്രെയിൻ വരുന്നത് പെട്ടെന്ന് കാണാനാവില്ല.
തോട്ടട ഐ.ടി.ഐ, പോളിടെക്നിക്, എസ്.എൻ കോളജ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് നിരവധി വിദ്യാർഥികളാണ് പാളംമുറിച്ചുകടന്ന് ചാല ബൈപാസിലേക്കും കിഴുത്തള്ളിയിലേക്കും എത്തുന്നത്. വാഹന ഷോറൂമുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവരും പാളം കടന്നെത്തുന്നു. കൂത്തുപറമ്പ്, കാടാച്ചിറ, മമ്പറം, പെരളശ്ശേരി, ചാല, അഞ്ചരക്കണ്ടി, ചക്കരക്കൽ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി ചാലക്കുന്നിൽ ബസിറങ്ങി റെയിൽ പാളം വഴിതോട്ടട ഭാഗത്തേക്ക് കടന്നുപോകുന്നത്. ഇല്ലെങ്കിൽ താഴെ ചൊവ്വയിൽ ബസിറങ്ങി വീണ്ടും തോട്ടട വഴി പോകുന്ന തലശ്ശേരി ബസിൽ കയറി വേണം ഈ ഭാഗങ്ങളിലെത്താൻ. മേൽപ്പാലം വരുന്നതോടെ ഇവിടേക്കുള്ള യാത്ര സുരക്ഷിതവും എളുപ്പവുമാകും. ചാലക്കുന്ന് ബസ് സ്റ്റോപ്പിന് പിറകിലായി ആറു മീറ്റർ വീതിയിലും 20 മീറ്റർ നീളത്തിലുമാണ് പാലം നിർമിക്കുക. ദേശീയപാത നിർമാണം നടക്കുന്നതിനാൽ ചാലക്കുന്ന് ഭാഗത്ത് റോഡ് ബന്ധിപ്പിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നുണ്ട്. ചാലക്കുന്നിടിച്ച് താഴ്ന്ന നിരപ്പിലാണ് ദേശീയപാത നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.